അടൂർ : വൃദ്ധദമ്പതികളെ വീട് കയറി ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തുവയൂർ തെക്ക് പ്ളാംകാലായിൽ പുത്തൻവീട്ടിൽ പ്രഭാകര കുറുപ്പിനേയും ഭാര്യ സുലേഖയേയും ആക്രമിച്ച കേസിൽ തുവയൂർതെക്ക് മലങ്കാവ് മരുതിവിള മേലേതിൽ ഹരി ജി. കുട്ടനെ (20)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 29 ന് രാത്രി ഏഴരയോടെയാണ് സംഭവം. ഹരിയുടെ അമ്മൂമ്മ പ്രഭാകരകുറുപ്പിന്റെ വീട്ടിലെ ജോലിക്കാരിയാണ്. സംഭവദിവസം അമ്മൂമ്മയെ വിളിക്കാൻ പ്രഭാകരകുറുപ്പിന്റെ വീട്ടിലെത്തിയ ഹരി അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് മടങ്ങിയത്. രാത്രി ഏഴരയോടെ ബൈക്കിൽ എത്തിയ പ്രതി മതിൽചാടി കടന്ന് വീടിനുള്ളിൽ കയറി വൃദ്ധദമ്പതികളെ ആക്രമിക്കുകയായിരുന്നു. പണാപഹരണം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഡിവൈ. എസ്. പി കെ. എ. തോമസ്, ഇൻസ്പെക്ടർ എം. സുധിലാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസ്ക്വാഡ് രൂപീകരിച്ച് എസ്. ഐ മാരായ ബി. എസ്. ശ്രീജിത്ത്, ആർ. ശ്രീകുമാർ, വി.എൻ. ജിബി, കെ. സുജാത, എസ്. സി. പി.ഒമാരായ ഗോപി, രഘുനാഥൻ, സി. പി. ഒ മാരായ സുനിൽകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.