തിരുവല്ല: രണ്ടു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും നിരണം പഞ്ചായത്തിൽ രണ്ടു വീടുകൾ ഭാഗീകമായി തകർന്നു. നിരണം പഞ്ചായത്തിലെ ഏഴാം വാർഡിൽ വിലങ്ങുപറമ്പിൽ കോളനിയിൽ കൊച്ചുമുട്ടത്തേത്ത് ഗീവർഗീസ് ചാക്കോയുടെ വീടിനു മുകളിൽ പ്ലാവ് ഒടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. മേൽക്കൂരയും ഭിത്തിയും ഭാഗീകമായി തകർന്നു. ഞായറാഴ്ച രാത്രി 9നാണ് സംഭവം. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു. നിരണം ഇരതോട് വാഴയിൽ വീട്ടിൽ വി.കെ.കുഞ്ഞുമോന്റെ ഓടിട്ട വീടിനു മുകളിൽ മഞ്ചാടി മരം വീണ് തകർന്നു. വീടിന് സമീപം നിന്ന മരം കടപുഴകിയാണ് വീണത്. മുറിയിലുണ്ടായിരുന്ന കുഞ്ഞുമോന്റെ മകൾ സജിനിക്ക് (35) ഓടും മരവും ദേഹത്തേക്ക് വീണ് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂകൾ നൽകി. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. താലൂക്കിൽ രണ്ടു ദിവസമായി കനത്തമഴയാണ് ലഭിച്ചത്.