അയിരൂർ ആധുനിക സമൂഹത്തിന്റെ മുന്നേറ്റത്തിനുള്ള യഥാർത്ഥ ഉപാധി വിദ്യാഭ്യാസമാണെന്ന് ആന്റോ ആന്റണി എം.പി. ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഭാസംഗമം 2019 പരിപാടിയുടെ ഡിവിഷൻതല ഉദ്ഘാടനം അയിരൂർ രാമേശ്വരം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിക്കാൻ വിദ്യാഭ്യാസം ഏറെ സഹായകമാകും. പരിമിതികൾക്കുള്ളിൽ നിന്നുള്ള നേട്ടത്തിന് തിളക്കം കൂടുമെന്നും എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. തുരുത്തിക്കാട് ബി.എ.എം കോളേജ് പ്രിൻസിപ്പൽ ബിജു ടി.ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി.തോമസ് കുട്ടി , വൈസ് പ്രസിഡന്റ് വത്സമ്മ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം മോളി ബാബു , മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ.എ. മാത്യു, പി.ടി.എ പ്രസിഡന്റ് മനോജ്.എൻ, സഞ്ജയൻ, സ്‌കൂൾ പ്രിൻസിപ്പൽ ജയചന്ദ്രൻ പി.കെ, പ്രധാനാദ്ധ്യാപിക ആർ.ഗീത എന്നിവർ പ്രസംഗിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.