മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച എൽ.ഇ.ഡി തെരുവുവിളക്ക് പൊലീസ് വയർലെസ് സംവിധാനത്തിന്റെ സിഗ്നൽ തകരാറാക്കി. പത്തനംതിട്ട പൊലീസ് സൈബർ വിഭാഗവും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള പഴയ സി.ഐ. ഓഫീസിലുള്ള വയർലെസിലൂടെ സന്ധ്യക്ക് ശേഷം നേർത്ത മൂളൽ മാത്രമാണ് കുറച്ചു ദിവസങ്ങളായി ജില്ലാ ഓഫീസിലും മറ്റ് പൊലീസ് സ്റ്റേഷനുകളിലും ലഭിച്ചിരുന്നത്. കാരണം ആന്വേഷിച്ചപ്പോൾ ഈയിടെ മാർക്കറ്റ് റോഡിൽ പഞ്ചായത്ത് സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റിൽ നിന്നുണ്ടാകുന്ന ശബ്ദപ്രസരണമാണ് വയർലെസ് തകരാറിലാക്കിയെന്ന് കണ്ടെത്തി. പത്തനംതിട്ട പൊലീസ് സൈബർ സി.ഐ ജോർജ്ജുകുട്ടി തോമസ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരെത്തി സി.ഐ. ഓഫീസിന് സമീപമുള്ള അഞ്ച് എൽ.ഇ.ഡി. ലൈറ്റുകൾ അഴിച്ചുമാറ്റി പകരം ഫ്ളുറസെന്റ് ബൾബുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു.