പത്തനംതിട്ട : റാന്നിയിൽ ഞായറാഴ്ച അർദ്ധ രാത്രിയിൽ 11 കെവി ലൈനിൽ ഒടിഞ്ഞു വീണ മരം മുറിച്ചു മാറ്രാത്തത് നാട്ടുകാരെ വലച്ചു. മുക്കട - ഇടമൺ - അത്തിക്കയം - എം.എൽ.എ റോഡിൽ തോമ്പിക്കണ്ടം ചപ്പാത്ത് ജംഗ്ഷനിൽ സിമന്റ് കട്ട കമ്പനിക്ക് സമീപമാണ് റബർ മരം ഒടിഞ്ഞു വൈദ്യുതി കമ്പിയിൽ വീണത്. മരം ഒടിഞ്ഞു ലൈനിൽ തങ്ങി നിൽക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇതുവഴിയെത്തിയ സ്വകാര്യ ബസ് കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് ചില്ലകൾ മാറ്റി ബസ് കടന്നത്. ഇടമൺ വഴിയെത്തിയ ബസുകൾ തോമ്പിക്കണ്ടത്തിലും ഇടമുറി പാലം വഴിയെത്തുന്ന ബസുകൾ ആന്റണിക്കട പടിയിലും സർവീസ് അവസാനിപ്പിച്ചു. ഇതോടെ ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരും കുടുങ്ങി. വിദ്യാർത്ഥികളും നാട്ടുകാരും ഒറ്റപ്പെട്ടിട്ടും മരം വെട്ടി നീക്കുവാനോ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുവാനോ കെ.എസ്.ഇ.ബി അധികൃതർ തയ്യാറായിട്ടില്ല. വടശേരിക്കര വൈദ്യുതി സെക്ഷന് കീഴിലുള്ള സ്ഥലമാണിവിടം.