കോന്നി: പൊലീസ് സ്റ്റേഷൻ- ഫോറസ്റ്റ് ഡിവിഷണൽ ഓഫീസ് റോഡിൽ വർഷങ്ങളായി ഗതാഗത തടസം സൃഷ്ടിച്ചിരുന്ന പഴയ വാഹനങ്ങൾ നീക്കംചെയ്തു. വിവിധ കേസുകളിൽ തൊണ്ടിമുതലായി പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ഇൗ ഭാഗത്ത് റോഡരികിലാണ് സൂക്ഷിച്ചിരുന്നത്.. ജി.എൽ.പി സ്‌കൂൾ ഈ റോഡരികിലാണ്. ഇവിടുത്തെ കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാരും കൃഷിഭവൻ, ഡി.എഫ്.ഒ ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്തുന്നവരും ഇതുവഴിയാണ് പോകുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ പോയിരുന്നത്. നാട്ടുകാർ നിരവധി പരാതികൾ ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് നൽകിയിരുന്നു.
സ്‌കൂൾ തുറപ്പുമായി ബന്ധപ്പെട്ട് കോന്നി സി.ഐ അർഷദിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ വിഷയം സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ വൃക്ഷത്തെകൾ വച്ചുപിടിപ്പിച്ചു.. ഐ.ബി റോഡിലെ പഴയ സി.ഐ ഓഫീസിനു സമീപത്തേക്കാണ് പഴയ വാഹനങ്ങൾ മാറ്റിയത്. പത്തനംതിട്ട പൊലീസ് യാർഡിലേക്ക് പിന്നീട് ഇവ മാറ്റും.