image
മഴപെയ്ത് കോഴഞ്ചേരി പൊയ്യാനിൽ പ്ലാസയ്ക്ക് മുമ്പിൽ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ

പത്തനംതിട്ട : കാലവർഷം തുടങ്ങിയതോടെ കോഴഞ്ചേരിയിലെ റോഡുകളിൽ വെള്ളംകെട്ടിക്കിടക്കുന്നു. ടൗണിൽ പത്തനംതിട്ടയിലേക്കുള്ള ബസ് സ്റ്രോപ്പിന് സമീപം നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡുകളുടെ അശാസ്ത്രീയമായ നിർമ്മാണം മൂലമാണ് വെള്ളം ഒഴുകിപ്പോകാത്തത്. മഴക്കാലത്ത് മാത്രമാണ് വെള്ളക്കെട്ടുകളെക്കുറിച്ച് അധികൃതർ ഓർക്കുന്നതുതന്നെ. വാഹനങ്ങൾ പാർക്ക് ചെയ്യുന്നയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ കാൽനട യാത്രക്കാർക്ക് വഴിനടക്കാൻ ബുദ്ധിമുട്ടാണ് . മഴ തുടങ്ങിയിട്ട് രണ്ടുദിവസമേ ആയുള്ളു. വരുംദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും. വെള്ളം ഒഴുകിപ്പോകാൻ ഓട നിർമ്മിച്ചിട്ടില്ല. റോഡ് ഉയർന്നാണ് നിൽക്കുന്നത്. സമീപത്തെ വെയിറ്രിംഗ് ഷെഡിനടുത്തേക്കാണ് വെള്ളം ഒഴുകിച്ചെല്ലുന്നത്. കോഴഞ്ചേരി സ്റ്റാൻഡിൽ നിന്ന് ചെങ്ങന്നൂർ, പത്തനംതിട്ട, റാന്നി ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇവിടെ നിറുത്തിയാണ് ആളുകളെ കയറ്റുന്നത്. പരിഹാരം കാണണമെന്ന് യാത്രക്കാ‌ർ ആവശ്യപ്പെട്ടു.