മല്ലപ്പള്ളി: ഇന്നലെ രാവിലെ പെയ്ത കനത്തമഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഭിന്നശേഷിക്കാരന് പരിക്കേറ്റു. ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ കൈപ്പറ ചമതയ്ക്കൽ ഐസക് മാത്യുവിനാണ് (ഷാജൻ - 42) തലയ്ക്കും മുഖത്തും കൈകൾക്കും പരിക്കേറ്റത്. രോഗത്തെ തുടർന്ന് മുൻപ് വലതുകാൽ നീക്കം ചെയ്ത ഷാജൻ വീടിനുള്ളിൽ കട്ടിലിൽ ഇരിക്കുമ്പോൾ ആസ്ബസ്‌റ്റോസ് ഷീറ്റുകളും തടിയും നിലംപൊത്തുകയായിരുന്നു. വലിയ ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തി ഷാജനെ രക്ഷപ്പെടുത്തി. ഷാജന്റെ അവിവാഹിതയായ ഇളയ സഹോദരി കെ.എം. ദീനാമ്മ ജോലിക്ക് പോകാൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, അംഗം പ്രമോദ്.ബി, സെക്രട്ടറി പി.കെ. ജയൻ, മല്ലപ്പള്ളി വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി. ഭിത്തികൾ വീണ്ടുകീറിയും മേൽക്കൂര തകർന്നതുമായ വീട് വാസയോഗ്യമല്ല.