പത്തനംതിട്ട: കുടിവെളളം, വൈദ്യുതി ചാർജ് ഇനത്തിൽ ജനറൽ ആശുപത്രിയിൽ നിന്ന് വാട്ടർ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും അടയ്ക്കാനുളളത് 90ലക്ഷം രൂപ. സാമ്പത്തിക പ്രതിസന്ധിയുളളതിനാൽ ഇത്രയും തുക നഗരസഭയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് ചെയർപേഴ്സൺ. ഇന്നലെ നടന്ന ആശുപത്രി വികസന സമിതിയോഗത്തിൽ ആർ.എം.ഒ ഡോ. ആശിഷ് മോഹൻകുമാറാണ് കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പുകളുടെ നോട്ടീസ് ലഭിച്ചതായി അറിയിച്ചത്. ആശുപത്രികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതോടെ പത്തനംതിട്ട ജനറൽ ആശുപത്രി നഗരസഭയുടെ കീഴിലാണ്. എന്നാൽ, 90ലക്ഷത്തിന്റെ ബാദ്ധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് വികസന സമിതിയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയർപേഴ്സൺ ഗീതാസുരേഷ് പറഞ്ഞു. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകാനാണ് സാദ്ധ്യത. വൈദ്യുതി ചാർജ്ജ് ഇനത്തിൽ 72 ലക്ഷവും വെള്ളക്കരമായി 18 ലക്ഷവുമാണ് കുടിശികയായിട്ടുളളത്.
ആശുപത്രി പ്രവർത്തനം തടസപ്പെടാതിരിക്കാൻ ഉമടമസ്ഥാവകാശം ആരോഗ്യവകുപ്പിനെ തിരികെ ഏൽപ്പിക്കുന്നതിന് സമ്മതമാണെന്ന് ഗീതാസുരേഷ് അഭിപ്രായപ്പെട്ടു. അംഗങ്ങളിൽ ചിലർ ഇതിനെ പിന്തുണച്ചു.
...
മാലിന്യം ഗുരുതര വിഷയം
സെപ്റ്റിക് ടാങ്ക് പൊട്ടി മലിന ജലം പുറത്തേക്ക് ഒഴുകുന്നത് തടയാൻ നിലവിലുള്ള സാഹചര്യത്തിൽ ആശുപത്രിക്ക് മാത്രമായി അറ്റക്കുറ്റ പണികൾ നടത്താനാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ മാത്യൂ പറഞ്ഞു. ശാശ്വത പരിഹാരത്തിനായി പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിന്റെ സഹായം തേടണം. ആശുപത്രിയുടെ പഴയ സെപ്റ്റിക് ടാങ്കിലേക്ക് സാനിട്ടറി നാപ്കിൻ വന്നടിഞ്ഞതും കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചതോടെ കൂടുതൽ മലിന വസ്തുക്കൾ എത്തിയതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.
പത്തനംതിട്ട നഗരസഭയിൽ മാലിന്യം സംഭരിച്ചിരുന്ന ആദിത്യ വേസ്റ്റ് മാനേജ്‌മെന്റിന്റെ സേവനം ഇൗ മാസം 15 മുതൽ നിറുത്തലാക്കുന്നതിനെ തുടർന്നുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയായി. 414 കിടക്കകളുള്ള ആശുപത്രിയിൽ രോഗികളുടെ സഹായികൾ അടക്കം ആയിരത്തോളം പേരുടെ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാനാവാതെ വന്നാൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ തടസ്സപ്പെടുന്ന സാഹചര്യം സംജാതമാവുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യുന്നതിനായി അടിയന്തര നഗരസഭാ കൗൺസിൽ ചേരുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ആശുപത്രിയിൽ പനി ബാധിതരായി എത്തുന്നവരുടെ സൗകര്യാർത്ഥം മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ആർ.എം.ഒ യോഗത്തെ അറിയിച്ചു. പത്ത് ഹൗസ് സർജൻസി ഡോക്ടർമാരുടെ സേവനത്തിനായി ഡി.എം.ഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
...
കിളിവാതിലിന്റെ പേരിൽ തർക്കം
ആശുപത്രിയുടെ പഴയ കവാടത്തിന് സമീപം നിർമ്മിക്കുന്ന കിളിവാതിലിനെ ചൊല്ലി അംഗങ്ങൾ തമ്മിൽ തർക്കം. പ്രധാന കവാടം മാറ്റി സ്ഥാപിച്ചതിനെ തുടർന്നാണ് കിളിവാതിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. ഇതിനെ മുൻ നഗരസഭാ ചെയർപേഴ്‌സൺ അമൃതം ഗോകുലം. പ്രൊഫ. ടി.കെ.ജി നായർ, അബ്ദുൽ ഷുക്കൂർ അടക്കമുള്ള അംഗങ്ങൾ എതിർത്തു. എച്ച്.എം.സി തീരുമാനം മറികടന്ന് ഉദ്യോഗസ്ഥർ മുന്നോട്ട് പോവരുതെന്നും കിളിവാതിൽ കെട്ടിയടക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രധാന കവാടത്തിന്റെ തിരക്കിൽ നിന്നൊഴിവായി കയറിയിറങ്ങുന്നതിന് കിളിവാതിൽ അനിവാര്യമാണെന്ന് മുൻ നഗരസഭാ വൈസ് ചെയർമാൻ പി.കെ ജേക്കബ് പറഞ്ഞു. ഇതിനെ രാഷ്ട്രീയമായി എതിർക്കുന്നത് ശരിയല്ലെന്ന പി.കെ ജേക്കബിന്റെ ആരോപണത്തെ എതിർത്ത് സി.പി.എം ഏരിയ സെക്രട്ടറി എൻ.സജികുമാർ രംഗത്തെത്തി. കഴിഞ്ഞ ഏഴിന് എച്ച്.എം.സി യോഗം മാറ്റിവച്ചതായുള്ള അറിയിപ്പിനെ തുടർന്ന് വീണ ജോർജ് എം.എൽ.എ അടക്കം അംഗങ്ങൾ ആശുപത്രിയിലെത്തി മടങ്ങേണ്ടി വന്ന സാഹചര്യം സൂപ്രണ്ട് ഡോ.സാജൻ മാത്യു വിശദീകരിച്ചു. വാക്കാൽ യോഗം ചേരുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായും ഈ യോഗം മാറ്റി വച്ചതായാണ് വാട്‌സ് ആപ് സന്ദേശം അയച്ചതെന്നും അദ്ദേഹം പറഞ്ഞു. നാലുമാസമായിട്ടും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി കൂടാതിരുന്നതിനെയും കോർ കമ്മിറ്റി കൂടാതെ അജണ്ട തയ്യാറാക്കി യോഗത്തിന് നൽകിയതും വിമർശന വിധേയമായി.
.....
മേൽക്കൂര നിർമിക്കുന്നതിന് ഒൻപത് ലക്ഷം
ആശുപത്രിയുടെ അത്യാഹിത ബ്ലോക്കിന് മുന്നിൽ മേൽക്കൂര നിർമിക്കുന്നതിന് ഒമ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാർ ഏജൻസിയായ നിർമിതി നൽകിയിട്ടുണ്ട്. മറ്റ് ഏജൻസികളോടും എസ്റ്റിമേറ്റ് ചോദിക്കണമെന്ന് യോഗം നിർദേശിച്ചു. മരം വീണ് തകർന്ന ട്രോളി പാത്ത് പുനർനിർമിക്കാൻ അനുമതി നൽകി.
250 രോഗികൾ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർഡിയോളജി വിഭാഗത്തിൽ എത്തുന്നു. കാത്ത് ലാബിൽ ഇതുവരെ 46 സർജറികൾ പൂർത്തിയാക്കി.