പത്തനംതിട്ട : ഭാസ്കരനും സുനിലിനും അപകടത്തിന്റെ നടുക്കും ഇനിയും മാറിയിട്ടില്ല. സംഭവം നടക്കുമ്പോൾ തൊട്ടടുത്ത മാടക്കയിൽ ഇരിക്കുകയായിരുന്നു അവർ. മരം പിഴുതുവീണത് അൽപം മാറിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണം കൂടിയേനെ. അവർ പറയുന്നു- ''ശക്തമായ മഴയിൽ ഞങ്ങൾ പതിനഞ്ച് പേർ കടയിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വലിയ ശബ്ദംകേട്ട് എന്താണെന്ന് നോക്കുംമുമ്പേ മരം പിഴുതുവീണിരുന്നു. അതും ഞങ്ങളുടെ തൊട്ടുമുമ്പിൽ കൂടിപ്പോയ കാറിന് മുകളിൽ. അൽപം മാറിയാണ് വീണതെങ്കിൽ ഞങ്ങളാരും ഇവിടെ കാണുമായിരുന്നില്ല. അത്ര വലിയ മരമാണ് വീണത്. മരം ചരിയുന്നത് കണ്ട് കാറിന്റെ വേഗത കുറച്ചു. അപ്പോഴേക്കും കാറിൽ നിന്ന് ഒരാൾ ഇറങ്ങിയോടി. എന്നാൽ ഓട്ടോറിക്ഷ വലത്തേക്ക് തിരിഞ്ഞുപോവുകയായിരുന്നതിനാൽ മരം ചരിയുന്നത് കണ്ടില്ല. മരം വീണ് ഒാട്ടോ നിശേഷം തകർന്നു. ഡ്രൈവർ സീറ്റിനടിയിലേക്ക് വീണുപോയി. അദ്ദേഹത്തെ പൊക്കിയെടുക്കാൻ ബുദ്ധിമുട്ടിയിരുന്നു. മഴപെയ്തതിനാലാണ് കൂടുതൽ അപകടം ഉണ്ടാകാതിരുന്നത്. ആ മരത്തിന്റെ ചുവട്ടി. എപ്പോഴും ആളുകൾ കൂടിനിൽക്കാറുണ്ട്. മഴയായതിനാലാണ് ആളുകൾ അവിടെ നിന്ന് മാറിയത്. ചായക്കടയിൽ ചായകുടിക്കാനും നിറയെ ആളുകൾ ഉണ്ടാകും. പൈപ്പ് ലൈൻ പണി നടക്കുന്നതിനാൽ അവരും ഉണ്ടായിരുന്നു. എല്ലാവരും കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.