പത്തനംതിട്ട : ടി.കെ റോഡിൽ പുളിമൂട് ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെയും കാറിന്റെയും മുകളിലേക്ക് മരം പിഴുതുവീണു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 11ന് ശക്തമായ മഴയിലാണ് സംഭവം. ഓട്ടോ ഡ്രൈവർ നന്നുവക്കാട് വൈക്കത്ത് വടക്കേതിൽ വീട്ടിൽ ഗോപിക്ക് (52) നടുവിന് ഗുരുതരമായ ക്ഷതമേറ്രിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ഗോപിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നെടുങ്കുന്നം സ്വദേശിയായ സതീഷും ബന്ധുവുമായിരുന്നു കാറിൽ. മരം വീഴുന്നതുകണ്ട് ബന്ധു കാറിൽ നിന്നിറങ്ങിയോടി. ഡ്രൈവർ സീറ്റിലായിരുന്ന സതീഷിന് ഇറങ്ങാനായില്ല. കാറിന്റെ മുകൾ ഭാഗം പൂർണമായി തകർന്നെങ്കിലും സതീഷിന് പരിക്കേറ്റില്ല.
ഓട്ടോറിക്ഷാ യാത്രക്കാരായ ചുരുളിക്കോട് തുണ്ടുപറമ്പിൽ വീട്ടിൽ പ്രിൻസി (39), സുമ (44) എന്നിവർക്കും സാരമായ പരിക്കുണ്ട്. മൂന്നുമാസം മുമ്പ് കാലൊടിഞ്ഞ് ചികിത്സയിലായിരുന്ന പ്രിൻസി ഫിസിയോതെറാപ്പി ചെയ്യാൻ ആശുപത്രിയിലെത്തി തിരികെപ്പോകുമ്പോഴായിരുന്നു അപകടം.
ഇറങ്ങിയോടാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പ്രിൻസി. നാട്ടുകാർ എത്തിയാണ് ഇവരെ പുറത്തിറക്കിയത്.
അപകടത്തെ തുടർന്ന് ടി.കെ റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. സമീപത്തെ വൈദ്യുതി പോസ്റ്ര് തകർന്ന് വൈദ്യുതി മുടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇൗ ഭാഗത്ത് റോഡരികിലെ പൈപ്പ് ലൈനിന്റെ പണിയും നടക്കുന്നുണ്ടായിരുന്നു. മഴ മൂലം പണിക്കാർ സമീപത്തെ കടയിൽ കയറി നിന്നതിനാൽ വലിയ അപകടം ഒഴിവായി. പൊലീസും ഫയർഫോഴ്സും എത്തിയാണ് മരം മുറിച്ചുമാറ്രിയത്.