ചെങ്ങന്നൂർ: ശാസ്താംപുറം ചന്തയിലെ നഗരസഭാ കോംപ്ലക്‌സിനുള്ളിലും മാലിന്യക്കൂമ്പാരങ്ങൾ കെട്ടിക്കിടക്കുന്നു. പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗസരസഭാ കൗൺസിലർ കെ.ഷിബുരാജൻ കളക്ടർക്ക് പരാതിനൽകി. മാസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ട്. ചന്തയിലെ മത്സ്യം, മാംസം, പച്ചക്കറി വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ശുചീകരണം നടത്തുന്ന നഗരസഭാ ജീവനക്കാരും കടുത്ത രോഗ ഭീഷണിയിലാണ്. മഴക്കാലമായതോടെ മലിനജലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നു. അതിരൂക്ഷമായ ദുർഗന്ധമാണ് ഇവിടെ. മാലിന്യ സംസ്‌കരണത്തിന് പുതിയ മാർഗം കണ്ടെത്തണമെന്നാണ് ആവശ്യം. നഗരസഭയുടെ എയറോബിക് ബിന്നുകൾ തകർത്ത് രണ്ട്മാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.