കോഴഞ്ചേരി: മാലക്കര ആനന്ദാശ്രമത്തിലെ അന്തേവാസിയായ ഇംഗ്ളണ്ടുകാരി നാൻസി സ്റ്റിൽമാനെ (70) യുവാവ് ആക്രമിച്ചു. മൂർച്ചയുളള ആയുധംകൊണ്ടായിരുന്നു ആക്രമണം. കഴുത്തിന്റെ വശത്ത് ആയുധം കൊണ്ട് പോറിയ നിലയിലാണ്. പരിക്ക് ഗുരുതരമല്ല. നാൻസി ബഹളംവയ്ക്കുന്നതു കേട്ട് സമീപത്തുണ്ടായിരുന്നവർ ഒാടിയെത്തുകയായിരുന്നു. ആശ്രമത്തിന് മുന്നിലുളള റോഡിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. 21വയസ് തോന്നിക്കുന്ന യുവാവാണ് അക്രമിയെന്ന് കരുതുന്നു. സൈക്കിളിൽ എത്തിയ യുവാവ് മൂർച്ചയുളള ആയുധംകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് നാൻസി പൊലീസിന് മൊഴി നൽകി. പണമോ ആഭരണമോ അപഹരിക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് സംശയിക്കുന്നു. കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്താൻ ആറൻമുള പൊലീസ് അന്വേഷണം ആരംഭിച്ചു.കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജാൻസി ചികിത്സ തേടി.

സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ നാൻസിക്ക് മുന്നിൽ തെളിവെടുപ്പിനായി ഹാജരാക്കി. ആക്രമിച്ചത് ഇവരിൽ ആരെങ്കിലുമാണോയെന്ന് തിരിച്ചറിയാൻ ജാൻസിക്ക് കഴിഞ്ഞില്ല. യുവാക്കളെ പൊലീസ് വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലാണ്.

നാൽപ്പത് വർഷമായി ആശ്രമത്തിൽ കഴിയുകയാണ് നാൻസി. ആശ്രമം സ്കൂളിലെ അദ്ധ്യാപികയായിരുന്നു.