നിലയ്ക്കൽ: ശബരിമല പാതയിൽ മരം ഒടിഞ്ഞുവീണത് നീക്കിയില്ല. ചെന്നൈയിലേക്കു പോകേണ്ട തീർത്ഥാടക സംഘം ഇതുമൂലം 15 കിലോമീറ്റർ നടന്ന് നിലയ്ക്കലിലെത്തി. ഇന്നലെ ഉച്ചയോടെയാണ് പമ്പയ്ക്കും നിലയ്ക്കലിനുമിടയിൽ വലിയ മരം റോഡിലേക്ക് വീണത്. ഈ സമയം പമ്പയിൽ നിന്ന് അയ്യപ്പഭക്തരുമായി വന്ന കെ.എസ്.ആർ.ടി. സി ബസ് സർവീസ് മണിക്കൂറുകളോളം തടസപ്പെട്ടു. പൊലീസിനെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തി പരിശോധന നടത്തിയതല്ലാതെ മരം മുറിച്ചുനീക്കാൻ നടപടിയുണ്ടായില്ലെന്ന് തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന ചന്ദ്രശേഖരൻ പറഞ്ഞു. തീർത്ഥാടകരെ നിലയ്ക്കലിൽ എത്തിക്കുന്നതിനും സൗകര്യമൊരുക്കിയില്ല.
മോശം കാലാവസ്ഥയിൽ കൊടുംവനത്തിനുളളിൽ കാത്തുനിന്ന തീർത്ഥാടക സംഘം പിന്നീട് നിലക്കൽ വരെ നടക്കുകയായിരുന്നു. അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ ചെങ്ങന്നൂരിലെത്തി. ചെങ്ങന്നൂരിൽ നിന്ന് അഞ്ച് മണിക്ക് ചെന്നൈയിലേക്കുളള ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ് വനത്തിൽ കുടുങ്ങിയത്. സ്ത്രീകളടക്കം 27പേരാണ് സംഘത്തിലുള്ളത്.