പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഉൾപ്പെട്ട നാട്ടുകാരായ 18 പ്രതികളെ ഒരുവർഷം വീതം കഠിനതടവിനും 2500 0 രൂപ വീതം പിഴയടയ്ക്കാനും പത്തനംതിട്ട അഡീഷണൽ ജില്ലാക്കോടതി ശിക്ഷ വിധിച്ചു. മതിയായ തെളിവ് ഹാജരാക്കാൻ പ്രൊസിക്യൂഷന് കഴിയാതിരുന്നതിനാൽ 17പ്രതികളെ വെറുതെവിട്ടു. മൊത്തം 146 പ്രതികളുണ്ടായിരുന്ന കേസിൽ 45 പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ഇവരിൽ ആറ് പേർ മരിച്ചിരുന്നു. മൂന്നുപേർ ജീവനൊടുക്കുകയായിരുന്നു. ബാക്കിയുളളവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ശിക്ഷിക്കപ്പെട്ടവർക്കെതിരെ ഒൻപത് വകുപ്പുകൾ പ്രകാരം അന്യായമായി സംഘംചേരൽ, ആയുധംകൊണ്ട് ദേഹോപ്രദവം ഏൽപ്പിക്കൽ, പൊലീസുകാരുടെ ജോലി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. ജഡ്ജി എൻ.ഹരികുമാറാണ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ശിക്ഷിക്കപ്പെട്ടവർക്ക് ജൂലായ് 15വരെ സമയം അനുവദിച്ചിട്ടുണ്ട്.
2002 മാർച്ച് 14നായിരുന്നു സംഭവം. മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ശതകോടി അർച്ചന നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് നാട്ടുകാരും പൊലീസുമായുണ്ടായ തർക്കത്തിലും ആകാശത്തേക്കുളള വെടിവയ്പ്പിലും കലാശിച്ചത്. 2002 മാർച്ച് 31ന് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരം ക്ഷേത്രത്തിൽ ശതകോടി അർച്ചന നടത്തുന്നതിനുളള ക്രമീകരണങ്ങളെപ്പറ്റി ആലോചിക്കാൻ അന്നത്തെ ദേവസ്വം കമ്മിഷണർ സി.പി.നായർ ക്ഷേത്രത്തിലെത്തി ഉപദേശക സമിതിയുമായി ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ മലയാലപ്പുഴയിൽ ശതകോടി അർച്ചന നടത്താനാവില്ലെന്ന് സി.പി.നായർ ശക്തമായ നിലപാട് എടുത്തതോടെ ഉപദേശകസമിതിയുമായി തർക്കവും ബഹളവുമായി. ദേവസ്വം സദ്യാലയത്തിൽ സി.പി.നായരെ പൂട്ടിയിട്ടു. അദ്ദേഹത്തെ മോചിപ്പിക്കാൻ പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. കല്ലേറ് രൂക്ഷമായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. നാട്ടുകാർ പിരിഞ്ഞു പോകാതിരുന്നതിനാൽ പൊലീസ് ആകാശത്തേക്കു വെടിവയ്ക്കുകയായിരുന്നു. 75 നാട്ടുകാർക്കും 28പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അന്നത്തെ ജില്ലകളക്ടർ പൊലീസിനോട് പിൻമാറാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഘർഷം ശമിച്ചത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയും കേസ് അന്വേഷിച്ചിരുന്നു. ഇതിനിടെ, അന്വേഷണം മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി സി.പി.നായർ ഹൈക്കോടതിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്താണ് അന്വേഷണം പൂർത്തിയാക്കിയത്. 2014ൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് ഇന്നലെ വിധി പ്രഖ്യപിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരുന്നു പത്തനംതിട്ട കോടതിയിലെ വിസ്താരം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ നവീൻ എം.ഇൗശോ ഹാജരായി. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ എം.മനോജ് കുമാർ, സുനിൽ എസ്.ലാൽ, അരുൺദാസ്, കെ.കല, അജിത്കുമാർ, ബാലകൃഷ്ണൻ എന്നിവർ ഹാജരായി.