bridge
കല്ലടയാറ്റിൽ പഴയ പാലത്തിന്റെ തൂണുകൾ

അടൂർ: കല്ലടയാറ്റിലെ ഏനാത്ത് പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കാത്തത് ജല നിർഗമനത്തിന് തടസമാകുന്നതിനൊപ്പം നിലവിലുള്ള പാലത്തിന്റെ അടിത്തറ തകരാൻ കാരണമാകുമെന്നും സൂചന. ജലനിരപ്പ് ഉയർന്നതോടെ വെള്ളം പുഴയിലൂടെ നിരന്ന് ഒഴുകുന്നില്ല. പകരം പഴയ പാലത്തിന്റെ അടിത്തറ ഭാഗത്തെ തൂണുകളുടെ ഇടയിലൂടെ കുത്തിയൊഴുകുകയാണ്. നദിയിലെ ഒഴുക്കിന്റെ ശക്തി പല ഭാഗത്താകുന്നതിനാൽ പുതിയ പാലത്തിന്റെ തൂണുകളുടെ ചുറ്റിനുമുള്ള മണ്ണ് ഒഴുകിപ്പോകാനുള്ള സാദ്ധ്യതയേറെയാണ്. വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ നിർമ്മിച്ച പാലം പുതിയ പാലം നിർമ്മിച്ചതൊടെ പൊളിച്ച് മാറ്റുകയായിരുന്നു. എന്നാൽ ഈ പാലത്തിന്റെ തൂണുകൾ ഉറപ്പിച്ചിരുന്ന കോൺ ക്രീറ്റ് ചെയ്ത അടിത്തറകൾ ഇനിയും നീക്കിയിരുന്നില്ല.

ഒഴുക്കിന്റെ ശക്തി വർദ്ധിക്കുന്നു

വെള്ളം പരന്നൊഴുകുന്നതിന് പകരം കൽതിട്ടയുടെ വിടവിലൂടെ വെള്ളം ഒഴുകുന്നതാണ് ഒഴുക്കിന്റെ ശക്തി വർദ്ധിക്കുന്നത്. പഴയപാലത്തിൽനിന്ന് 500 മീറ്റർ താഴെയാണ് പുതിയ പാലം.നദിയിലൂടെ ഒഴുകി വരുന്ന തടികഷണങ്ങളും മര ക്കൊമ്പുകളും ഉൾപ്പടെയുള്ളവ പഴയ പാലത്തിന്റെ തൂണുകളിൽ തട്ടി നിൾക്കുന്നത് മൂലം നദിയിലെ സുഗമമായ ഒഴുക്ക് തടസപ്പെടാനും നദീതീരം കവർന്ന് നദി ദിശ മാറി ഒഴുകാനും സാദ്ധ്യതയുണ്ട്. നേരത്തെ പഴയപാലത്തിലെ കൽക്കെട്ടിന്റെ ഇടയിലൂടെയുള്ള ശക്തമായ ജലപ്രവാഹം മൂലം പുതിയ പാലത്തിന്റെ അടിത്തറയ്ക്ക് ചുറ്റിലും ഏഴ്മീറ്റർ താഴ്ച്ചയിൽ മണ്ണ് നഷ്ടപ്പെട്ടിരുന്നു. രണ്ട് വർഷം മുൻപ് ഏനാത്ത് പാലത്തിന് തകരാർ സംഭവിച്ചതിനെതുടർന്ന് ഗതാഗതം തടസപ്പെട്ടത്. ബലക്ഷയം സംഭവിച്ച രണ്ട് തൂണുകൾ പൊളിച്ചു മാറ്റി പുതിയ തൂണുകൾ നിർമ്മിച്ച് പാലം ബലപ്പെടുത്തി. പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ പൊളിച്ച് നീക്കാൻ നടപടി തുടങ്ങുമെന്ന് പ്രഖ്യാപനമായെങ്കിലും നടപടിയില്ല.

-പഴയപാലത്തിൽ നിന്നം 500 മീറ്റർ അകലെ പുതിയപാലം

-ഒഴുകി വരുന്ന തടി കഷണങ്ങളും മരക്കൊമ്പുകളും പാലത്തിന്റെ തൂണുകളിൽ ഇടിക്കുന്നുണ്ട്

-നദി ദിശമാറി ഒഴുകാൻ സാദ്ധ്യത ഏറെ

പാലത്തിന്റെ തുണുകളിലെ 7 മീറ്റർ താഴ്ചയിൽ മണ്ണ് നഷ്ടപ്പെട്ടു

പഴയപാലത്തിന്റെ അവശിഷ്ടങ്ങൾ അടിയന്തരമായി പൊളിച്ച് മാറ്റേണ്ടതാണ്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലമാണിത്. അധികൃതർ ഇതിന് വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കും

അമ്പാടി രഞ്ചിത്ത്

(പ്രദേശവാസി)