ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. മുളക്കുഴ കണിയുടെ തെക്കേതിൽ പി.ജി.കൃഷ്ണകുമാർ തന്റെ നെരുത എന്ന പേരിലുളള ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് അവഹേളനം നടത്തിയത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.
സംഘർഷമുണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി നവമാദ്ധ്യമത്തിലൂടെ ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ച യുവാവിനെതിരെ കേസെടുത്തതായി സി.ഐ ജി. സന്തോഷ് കുമാർ പറഞ്ഞു. വീട്ടിൽ സംഘർഷമുണ്ടാക്കിയതിന് യുവാവിനെതിരെ രണ്ടാഴ്ച മുൻപ് കേസെടുത്തിരുന്നു. ഇയാൾ ഒളിവിലാണ്.
അറസ്റ്റ് ചെയ്യണം
ശ്രീനാരായണ ഗുരുദേവനെ ആക്ഷേപിച്ചും ആപകീർത്തിപ്പെടുത്തിയും നവമാദ്ധ്യമങ്ങളിൽ പരാമർശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ ബി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ മഹേശൻ, കൺവീനർ ബൈജു അറുകുഴി, യൂണിയൻ ജോയിന്റ് കൺവീനർ ഡോ.എ.വി ആനന്ദരാജ്, കമ്മിറ്റി അംഗം ഗിരീഷ് കോനാട്ട് എന്നിവർ പ്രസംഗിച്ചു.