road

തിരുവല്ല: മഴക്കാലമായതോടെ തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയാണിത്. ദിവസേന നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളുമാണ് രാപകൽ വ്യത്യാസമില്ലാതെ ഇതുവഴി കടന്നുപോകുന്നത്. മുമ്പ് നഗരസഭയാണ് റോഡിൽ ടാർ ചെയ്തിരുന്നത്. റെയിൽവേയുടെ ഉടമസ്ഥതയിലായതോടെ നഗരസഭ റോഡിനെ കൈയൊഴിഞ്ഞു. ഏറെക്കാലങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡിലൂടെയുള്ള യാത്ര ഏറെ ദുസഹമാണ്. മഴക്കാലമായതോടെ കുഴികളിലെല്ലാം ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം യാത്രക്കാരുടെ മേൽ തെറിച്ചു വീഴുന്നതും പതിവാണ്. റോഡിന്റെ വശങ്ങളിൽ ഓട സ്ഥാപിച്ചിട്ടുണ്ടെങ്കിലും മേൽമൂടിയില്ല. റോഡിന്റെ ഇരുവശങ്ങളും കാടുപിടിച്ച നിലയിലാണ്. രാത്രിയിൽ യാത്രക്കാർ ഭീതിയോടെയാണ് കടന്നുപോകുന്നത്. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരെ കൂടുതൽ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്.സ്റ്റേഷനിലേക്കുള്ള റോഡിന്റെ ചിലഭാഗങ്ങളിൽ കൈയേറ്റം ഉണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന ആവശ്യവും ഉണ്ടായി. എന്നാൽ ഇക്കാര്യങ്ങളിൽ തുടർ നടപടി ഉണ്ടാകുന്നില്ല.

ബസ് സർവീസ് അനിവാര്യം

വീതികൂട്ടി റെയിൽവേ സ്റ്റേഷൻ റോഡ് വികസിപ്പിച്ചാൽ ബസ് സർവ്വീസ് നടത്തി യാത്രക്കാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. ചെങ്ങന്നൂർ മോഡലിൽ ശബരിമലയിലേക്ക് സർവീസുകൾ ഒാപ്പറേറ്റ് ചെയ്യാനും സാധിക്കും.

റോഡ് റെയിൽവേയുടേത്

ഓടയ്ക്ക് മേൽമൂടിയില്ല

റോഡിന്റെ വശങ്ങൾ കാടുപിടിച്ചു

1km റോഡ്

യാത്രക്കാരുടെ ദുരിതം മനസ്സിലാക്കി പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണം.

എം.പി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തണം.

രാധാകൃഷ്ണൻ, കവിയൂർ

യാത്രക്കാരൻ