തിരുവല്ല: കെ.എസ്ആർ.ടി.സി തിരുവല്ല ഡിപ്പോയിൽ നിന്ന് ബംഗളുരുവിന് ദിവസേനയുള്ള ഡീലക്‌സ് ബസ് സർവ്വീസിന്റെ സമയക്രമത്തിൽ മാറ്റംവരുത്തി. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് സമയമാറ്റം. ഉച്ചകഴിഞ്ഞ് 2.20ന് തിരുവല്ലയിൽ നിന്ന് പുറപ്പെട്ടിരുന്ന ബസ് ഇനിമുതൽ വൈകിട്ട് 4.45ന് മാത്രമേ പുറപ്പെടൂ. ദീർഘകാലമായി യാത്രക്കാർ ഇതുസംബന്ധിച്ച് ആവശ്യമുന്നയിച്ചിരുന്നതാണ്. ദിവസവും വൈകിട്ട് 4.45ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ ഏഴിന് ബംഗളുരുവിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരണം. തിരുവല്ലയിൽ നിന്ന് ആലപ്പുഴ, വൈറ്റില, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഹൊസൂർ, സേലം വഴിയാണ് ബംഗളുരുവിലേക്കുള്ള യാത്ര. തിരിച്ച് ബംഗളുരുവിൽ നിന്ന് വൈകിട്ട് ആറിന് പുറപ്പെടും. നേരത്തെ ഇത് ആറേകാലിനായിരുന്നു. സമയം 15 മിനിറ്റ് നേരത്തെയാക്കി. പിറ്റേദിവസം രാവിലെ 7.15ന് തിരുവല്ലയിലെത്തും. തിങ്കൾ മുതൽ ശനി വരെ ബസിന്റെ നിരക്ക് ഒരാൾക്ക് 844 രൂപയാണ്. ഞായറാഴ്ചകളിൽ 929 രൂപയും.