sandal-wood

ചെങ്ങന്നൂർ: കന്യാകുമാരി - മുംബൈ ജയന്തി ജനതാ എക്സ് പ്രസ്സ് ട്രെയിനിൽ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികളും നിരോധിത പുകയില ഉത്പന്നങ്ങളും റെയിൽവെ പൊലീസ് പിടികൂടി. ഉടമസ്ഥനില്ലാതെ രണ്ട് എയർ ബാഗുകളിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളും പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത് . ഒരു ലക്ഷം രൂപ വിലമതിക്കുന്ന 30 കിലോ ചന്ദന മുട്ടികളും 70000ൽ അധികം രൂപാ വില വരുന്ന 1440 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമാണ് ബാഗിൽ നിന്ന് കണ്ടെടുത്തത്. പുകയില ചെങ്ങന്നൂർ എക്‌സൈസ് അധികൃതർക്കും ചന്ദനത്തടികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും കൈമാറി. ട്രെയിൻ മാവേലിക്കരയിൽ നിന്ന് വിട്ട ശേഷം റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ ട്രെയിന്റെ മുൻഭാഗത്തെ ജനറൽ കമ്പാർട്ട്‌മെന്റിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയത്.ചെങ്ങന്നൂർ ആർ.പി.എഫ് സി.ഐ. ആർ.എസ് രാജേഷ്, എസ്.ഐ മാരായ ഗോപകുമാർ, രാധാകൃഷ്ണൻ, കോൺസ്റ്റബിൾ അനന്തകൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.