മലയാലപ്പുഴ: ലയമോ? അതെന്താണെന്ന് സംശയമുള്ളവർ കേട്ടോളു. ഒറ്റമുറി. അടുക്കളയും ശൗചാലയവും കിടപ്പുമുറിയും ഷീറ്റുകളോ തുണികളോ കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഒാടിന്റെ പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരകൾ. അതിൽ പ്രായമാവരും കുട്ടികളും അടങ്ങുന്ന രണ്ടും മൂന്നും കുടുംബങ്ങൾ. ഇളകിവീഴാറായതും അടിച്ചുറപ്പില്ലാത്തതുമായി ശൗചാലയ വാതിലുകൾ...റബർ പ്ളാന്റേഷൻ മേഖലയിലെ തെഴിലാളികൾ താമസിക്കുന്ന ഇൗ ദുരവസ്ഥയുടെ പേരാണ് ലയം. തൊഴുത്തുകളിൽ കഴിയുന്ന വളർത്തുമൃഗങ്ങളെപ്പോലെ സ്ത്രീകളടക്കമുളള തൊഴിലാളികൾ വർഷങ്ങളായി ലയങ്ങളിൽ ജീവിച്ചുവരുന്നു.'ലയമല്ല സാർ ഇത് നരകമാണ് ' അവർ പറയുന്നു
ശുചിത്വവും സുരക്ഷിത്വമില്ലാത്ത ആയിരങ്ങളുടെ അവസ്ഥ പുറംലോകം അറിയുന്നില്ല. മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ളാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിൽ ഹെക്ടറുകളുടെ വിസ്തൃതിയിൽ കിടക്കുന്ന റബർ തോട്ടങ്ങൾക്കുളളിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലേക്ക് സർക്കാർ അധികൃതർ പേരിനു പോലും പരിശോധനയ്ക്ക് എത്തുന്നില്ല. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ പലതും തകർന്നുവീഴാറായി. പ്രധാന വാതിലുകൾപോലും പൊട്ടിപ്പൊളിഞ്ഞും തടികൾ ദ്രവിച്ച നിലയിലുമാണ്.
അതേസമയം, വർഷംതോറും മോടിപിടിപ്പിക്കുന്ന ബംഗ്ളാവുകളിലാണ് കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സുഖജീവിതം. പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ഏതുസമയത്തും എസ്റ്റേറ്റ് കയ്യൊഴിയേണ്ടി വന്നേക്കാം എന്നതുകൊണ്ടാകും തൊഴിലാളികളുടെ ലയങ്ങളിൽ അറ്റകുറ്റപ്പണി നടത്താറില്ല.
'' ഇൗ മുറി കണ്ടോ സാർ, ഇനി ഞങ്ങളുടെ ജീവിതത്തെപ്പറ്റി വല്ലതും പറഞ്ഞുതരണോ. കുഞ്ഞുങ്ങളടക്കം രണ്ടു കുടുംബങ്ങൾ കഴിയുന്നു. '' - തകർന്ന വാതിലുകളും ചോരുന്ന മേൽക്കൂരയും സാരി കെട്ടിയിട്ട ശൗചാലയ വാതിലും കാണിച്ച് എൺപത്തിരണ്ടുകാരിയായ താമസക്കാരി പറഞ്ഞു. ആദ്യകാലത്ത് തമിഴ്നാട്ടിൽ നിന്ന് കുമ്പഴ റബർ പ്ളാന്റേഷനിൽ വേലയ്ക്കു വന്ന കുടുംബത്തിലെ ഇൗ സ്ത്രീ പിറന്നതും ഇൗ ലയത്തിലാണ്.
കുമ്പഴ എസ്റ്റേറ്റിൽ മാത്രം 75 ലയങ്ങളുണ്ട്. ആറ് ഒറ്റമുറികൾ ചേർന്നതാണ് ഒരു ലയം. ഒരു കുടുംബത്തിന് ഒരു മുറിയാണ് അനുവദിച്ചിരിക്കുന്നത്. ദമ്പതികളും കുട്ടികളും പ്രായമുളളവരുമെല്ലാം അതിൽ കഴിയണം. മൂന്നൂറാേളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. 1926നും '50നുമിടയിൽ നിർമ്മിച്ച ലയങ്ങളാണ് മിക്കതും. അട്ടച്ചാക്കൽ, മലയാലപ്പുഴ സ്കൂളുകളിലാണ് കുട്ടികളിൽ മിക്കവരുടെയും വിദ്യാഭ്യാസം.
>>>>
'' പ്ളാന്റേഷൻ ആക്ട് പ്രകാരമാണ് ലയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾക്ക് വർഷംതോറും 10 -15ലക്ഷം രൂപ നീക്കിവയ്ക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. ലയങ്ങളിൽ അനധികൃത താമസക്കാരേറെയാണ്. യഥാർത്ഥ താമസക്കാർ മുപ്പത് ശതമാനമേ വരൂ. ചില തൊഴിലാളികൾ ലയങ്ങൾ പുറത്തുനിന്നുളളവർക്ക് വാടകയ്ക്ക് കൊടുക്കും.അങ്ങനെ താമസിക്കുന്നവരുടെ ലയങ്ങളിൽ അറ്റകുറ്റപ്പണി നടത്താറില്ല.
മലയാളം പ്ളാന്റേഷൻ കുമ്പഴ എസ്റ്റേറ്റ് അധികൃതർ.