മലയാലപ്പുഴ: ചെങ്ങറയ്ക്ക് സമീപം ചെറുതട്ട ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയാൽ ലക്ഷ്മിഅമ്മയെ കാണാം. എഴുപത്തിരണ്ടുകാരിയായ ലക്ഷ്മിഅമ്മയുടെ വീടും ചായക്കടയും കാത്തിരിപ്പ് കേന്ദ്രമാണ്. സമീപത്തെ റബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ഒരുദിവസത്തെ ജീവിതം തുടങ്ങുന്നത് ഇൗ ചായക്കടയിൽ നിന്നാണ്. തൊഴിലാളികൾ പുലർച്ചെ അഞ്ചരയോടെ ഇവിടെയെത്തും. ചായയും കട്ടനും കുടിച്ചാണ് അവർ തോട്ടത്തിൽ പണിക്കിറങ്ങുന്നത്. നേരത്തെ ലക്ഷ്മിഅമ്മയും തോട്ടം തൊഴിലാളിയായിരുന്നു. നൂറ് കണക്കിന് റബർ മരങ്ങൾ ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ക്ഷീണിച്ചാൽ ഒരു തുളളി വെളളം പോലും കുടിക്കാൻ കിട്ടിയിരുന്നില്ല. സമീപത്തെങ്ങും അന്ന് കടയില്ല.
അറുപതുകളിൽ തമിഴ്നാട്ടിൽ നിന്ന് എത്തിയ കുടുംബത്തിൽപ്പെട്ടതാണ് ലക്ഷ്മിഅമ്മ. റബർ എസ്റ്റേറ്റിനുളളിൽ വീടുമുണ്ട്. . അൻപത്തിയെട്ടാം വയസിലാണ് അവർ പെൻഷനായത്. അതിന് ശേഷം ചെറുതട്ട ജംഗ്ഷനിൽ ചായക്കട തുടങ്ങി. മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ചുവിട്ടു. ഭർത്താവ് മരിച്ചു. ഒറ്രയ്ക്കായതോടെ കടയും വീടും കാത്തിരിപ്പ് കേന്ദ്രത്തിലേക്കാക്കി. രാവിലെ മുതൽ രാത്രി വരെ ചായയും നാരങ്ങാവെളളവും ചെറുകടികളും വിൽക്കും. ജനവാസമില്ലാത്ത ചെറുതട്ട ജംഗ്ഷനിൽ വേറെ ഒരു കടയുമില്ല. വീടുകൾ കിലോമീറ്ററുകൾക്കകലെ. പക്ഷെ, ലക്ഷ്മിഅമ്മ ധൈര്യമായി കാത്തിരിപ്പ് കേന്ദ്രത്തിൽ കിടന്നുറങ്ങും. ജീവിതത്തോട് നേർക്കുനേരെ പൊരുതാൻ ത്രാണിയുള്ളവർ ആരേപ്പേടിക്കാൻ.