mukkuzhi-road
അട്ടച്ചാക്കൽ - പുതുക്കുളം റോഡിലെ മുക്കുഴിയിൽ നിന്നുളള ദൃശ്യം

മലയാലപ്പുഴ: മൊട്ടുസൂചി വീണാൽ കണ്ടെടുക്കാവുന്ന വൃത്തിയുണ്ടായിരുന്നു പണ്ട് ചെങ്ങറമുക്ക് - എസ്റ്റേറ്റ് റോഡിന്. സായിപ്പ് പണിതതാണ് . പഴമക്കാർ പറയുന്നു- '' മൂന്ന് വർഷം കൂടുമ്പോൾ ടാറിംഗ്. റോഡിന് സ്ഥിരം മേൽനോട്ടക്കാരനുണ്ടായിരുന്നു,റോഡ് വാച്ചർ. ഇന്നത്തേപ്പോലെ പണിഞ്ഞിട്ടുപോയാൽ തിരിഞ്ഞുനോക്കാത്തവരല്ല. റോഡ് വാച്ചർ ദിവസവും ചെങ്ങറമുക്ക് മുതൽ എസ്റ്റേറ്റ് വരെ യാത്ര ചെയ്യണം. റോഡിലെ വെളളവും മാലിന്യവും മണ്ണും തൊഴിലാളികളെക്കൊണ്ട് നീക്കം ചെയ്യിക്കണം. റോഡ് വൃത്തിയായി കിടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇങ്ങനെയൊക്കെ നടന്നിരുന്നുവെന്ന് ഇന്നത്തെക്കാലത്ത് ആരും വിശ്വസിക്കില്ല. ''

നൂറ് വർഷത്തോളമുണ്ട് റോഡിന്റെ പഴക്കം. കുമ്പഴ റബർ എസ്റ്റേറ്റ് തുടങ്ങിയപ്പോൾ തൊഴിലാളികൾക്ക് യാത്രചെയ്യാൻ നിർമ്മിച്ചതാണ്. കാലത്തിന്റെ മാറ്റത്തിൽ പുതുക്കുളം - അട്ടച്ചാക്കൽ റോഡെന്ന് പേരു മാറി. പൊതുമരാമത്ത് ഏറ്റെടുത്തു.

ഇപ്പോൾ തകർന്ന് തരിപ്പണമായിക്കിടക്കുകയാണ്. ടാറിംഗ് പൊളിഞ്ഞ് കല്ലുകൾ തെളിഞ്ഞു. ഇളകി ക്കിടക്കുന്ന ചെളിയും മെറ്റിലും വാഹനങ്ങളെ മറിച്ചിടും. ഇൗ നിലയിലായിട്ട് എട്ടു വർഷത്തോളമാകുന്നു. റോഡിന്റെ പുനർനിർമ്മാണം ഏഴു മാസം മുമ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തതാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി ഉന്നതനിലവാരത്തിൽ പണിയാൻ 17 കോടിയുടെ പദ്ധതി. ചിലയിടത്ത് വീതി കൂട്ടി. റോഡിലെ പൈപ്പ് മാറ്റിയിടാൻ വാട്ടർ അതോറിറ്റിക്ക് പൊതുമരാമത്ത് വകുപ്പ് 66ലക്ഷം കൊടുത്തു. പണി തുടങ്ങിയയിടത്തു നിന്ന് മുന്നോട്ടുപോയില്ല. തിരഞ്ഞെടുപ്പായപ്പോൾ പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മഴയായി പ്രതി. പുതുക്കുളം, മുക്കുഴി ഭാഗങ്ങളിൽ റോഡിന് വീതി കൂട്ടേണ്ടതുണ്ട്. സൗജന്യമായി സ്ഥലം വിട്ടുനൽകാമെന്ന് നാട്ടുകാരിൽ ചിലർ പൊതുമരാമത്തിനെ അറിയിച്ചിട്ടുണ്ട്. ഏറ്റെടുക്കൽ നടന്നില്ല. എട്ടുമീറ്റർ വീതിയിലാണ് റോഡ് പണിയേണ്ടത്. മൂന്നു സ്വകാര്യബസുകൾ ഇപ്പോഴും സർവീസ് നടത്തുന്നു. പത്തനംതിട്ട - പുതുക്കുളം - തലച്ചിറ റൂട്ടിൽ അരമണിക്കൂർ ഇടവിട്ട് കെ.എസ്.ആർ.ടി.സി സർവീസുമുണ്ട്.

>>>

'' ആദ്യകാലത്ത് എസ്റ്റേറ്റ് നോക്കി നടത്തിയിരുന്ന വിദേശി നിർമ്മിച്ച റോഡാണിത്. ദിവസവും വൃത്തിയാക്കുകയും സമയത്ത് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. ആ ചരിത്രം പൊതുമരാമത്ത് മറന്നുപോകരുത്.

കെ.ആർ. പരമാനന്ദൻ (റിട്ട.അദ്ധ്യാപകൻ), ശ്രീനിലയം, മുക്കുഴി.

>>>

'' ചില ഭാഗങ്ങളിൽ മെറ്റിൽ വിരിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റിയിടൽ പൂർത്തിയായില്ല. വീതി കൂട്ടനായി സ്ഥലം ഏറ്റെടുക്കാനുമുണ്ട്. മഴ കാരണം പണി തടസപ്പെടുന്നു.

പൊതുമരാമത്ത് അധികൃതർ.