പത്തനംതിട്ട : പുഞ്ചപ്പാടത്തിന്റെ കരയിലെ നാലുമണിക്കാറ്റാണിത്. മരത്തണലിൽ ഇരുന്ന് കാറ്റുകൊണ്ട് വർത്തമാനം പറയാം. ടെൻഷനുകൾ മറന്ന് പ്രകൃതിക്കൊപ്പം നേരം ചെലവിടാം. കോഴഞ്ചേരി ചെട്ടിമുക്കിലാണ് ഇൗ ടെൻഷൻ ഫ്രീ കേന്ദ്രം.
മാലിന്യം തള്ളുന്ന കേന്ദ്രമായിരുന്നു മുമ്പ് ഇവിടം. പുഞ്ചപ്പാടത്തേക്ക് കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് തള്ളിയിരുന്നത്. ദുർഗന്ധം മൂലം വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥ. പ്രദേശത്തെ മാലിന്യം വിഴുങ്ങുമെന്നായപ്പോൾ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടിവി കാമറ സ്ഥാപിച്ച് ഗ്രാമപഞ്ചായത്ത് അധികൃതർ നടപടിയെടുത്തു. മാലിന്യം തള്ളുന്നതിന് ശാശ്വത പരിഹാരം വേണമെന്ന് പിന്നീട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നെന്ന് വാർഡ് മെമ്പർ ലതാചന്ദ്രൻ പറഞ്ഞു.
മാലിന്യം തള്ളുന്നത് പൂർണമായും തടയുകയായിരുന്നു ആദ്യ നടപടി. പിന്നീട് കുടുംബശ്രീ അംഗങ്ങൾ മുഖേന തണൽ മരങ്ങൾ നട്ടു. അതിനുശേഷം ഇരിപ്പിടങ്ങൾ നിർമ്മിച്ച് ടൈൽ പാകി. വർഷത്തിൽ എല്ലായ്പ്പോഴും വെള്ളമുള്ള തോടും സമീപത്തുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ ചരൽക്കുന്ന്, അരുവിക്കുഴി ഭാഗങ്ങളിലേക്ക് പോകുന്നത് ഇതുവഴിയാണ്. വഴിയോര ഗ്രാമീണ ടൂറിസവുമായി ഇതിനെ ബന്ധപ്പെടുത്താനും അധികൃതർ ശ്രമിക്കുന്നുണ്ട്. ഇവിടെ പകൽ വീടുകൾ ആരംഭിക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. ജില്ലയിൽ പലയിടങ്ങളിലും നാലുണിക്കാറ്റ് മാതൃക നടപ്പാക്കാൻ പഞ്ചായത്തുകൾ ശ്രമിക്കുന്നുണ്ട്.
-----------------------
മാലിന്യം വഴിമാറി, കോഴഞ്ചേരി ചെട്ടിമുക്കിന് പുതിയ മുഖം
----------------------------
നാലുമണിക്കാറ്റ്
തോട്ടപ്പുഴശേരി പഞ്ചായത്തിലെ 12 -ാം വാർഡിൽ ചെട്ടിമുക്ക് - ചിറയിറമ്പ് റോഡരികിലെ അരക്കിലോമീറ്റർ ഭാഗത്താണ് നാലുമണിക്കാറ്റ്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. എങ്കിലും കേട്ടറിഞ്ഞ് വൈകുന്നേരങ്ങളിൽ പലയിടത്തുനിന്നും ആളുകൾ എത്താറുണ്ട്. കൈവരികൾകൂടി പണിതശേഷം ഉദ്ഘാടനം നടത്തും.
2016 ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിന്റെ നേതൃത്വത്തിലാണ് നാലുമണിക്കാറ്റിനായി 25 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. 25 ലക്ഷം രൂപയും വകയിരുത്തി.
പക്ഷേ ചില സാങ്കേതിക കാരണങ്ങൾകൊണ്ട് അന്ന് പണി ആരംഭിക്കാൻ സാധിച്ചില്ല. പിന്നീട് 2018-2019 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിലുണ്ടായ പ്രളയം നിർമ്മാണത്തെ ബാധിച്ചു. അന്ന് പൂർണമായും വെള്ളത്തിനടിയിലായ പ്രദേശമാണിത്.