ചെങ്ങന്നൂർ: നഗരസഭയിലെ 11ാം വാർഡിൽ ശാസ്താംകുളങ്ങര-ചണ്ണത്ത് കടവ് റോഡ് വെള്ളത്തിലായി.അശാസ്ത്രീയ നിർമ്മാണമാണ് റോഡിന്റെ തകർച്ചക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡിൽ വെള്ളം കെട്ടി നിന്നു. റോഡിലേക്കെത്തുന്ന മഴവെളളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ സംവിധാനമില്ലാത്തതാണ് വെളളക്കെട്ടിന് കാരണം. മഴപെയ്യുന്നതോടെ വെളളവും ചളളയും നിറഞ്ഞ് ഇതുവഴിയുള്ള ഗതാഗതവും, കാൽനടയാത്രയും ദുഷ്ക്കരമാകും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ജനപ്രതിനിധികളെ അറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആക്ഷേപമുന്നയിച്ചു. സ്ക്കൂൾകുട്ടികളും ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധിപേരാണ് നിത്യേന ഈ റോഡിലൂടെ യാത്രചെയ്യുന്നത്. വെളളം ഒഴുകിപ്പോകുന്ന തരത്തിൽ ഓട നിർമ്മിക്കുകയോ ഇരുവശങ്ങളിലുമുളള വസ്തുവിനേക്കാൾ ഉയർത്തി റോഡ് നിർമ്മിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.