foot-path
യുവതിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നതിന് കാരണമായ കമ്പിക്കുട വീണ്ടും എം.സി റോഡിലേക്ക് ഇറക്കിവെച്ച നിലയിൽ

ചെങ്ങന്നൂർ: തിരുവനന്തപുരം -അങ്കമാലി സംസ്ഥാന പാതയിൽ ഏറ്റവും വീതികുറഞ്ഞ പട്ടണമാണ് ചെങ്ങന്നൂർ. എം.സി റോഡിൽ കുപ്പിക്കഴുത്ത്‌പോലെ ഒതുങ്ങിയ ചെങ്ങന്നൂർ നഗരത്തിലൂടെ വാഹനങ്ങൾക്ക് മാത്രമല്ല കാൽനടയാത്ര പോലും ദുഷ്‌ക്കരമാണ്. വീതികുറഞ്ഞ റോഡിലെ നടപ്പാത വ്യാപാരികൾ കൈയ്യേറിയതും റോഡുവക്കിലെ വാഹനപാർക്കിംഗും ചെങ്ങന്നൂരിൽ ഗതാഗതക്കുരുക്കിനൊപ്പം അപകടങ്ങളും പതിവാകുന്നതിന് കാരണമായി. കഴിഞ്ഞ മേയ് 7ന് വ്യാപാരസ്ഥാപനത്തിൽ നിന്നും റോഡിലേക്ക് തളളിനിന്ന കമ്പി കണ്ണിൽ തറച്ചുകയറി ബസിൽ സഞ്ചരിക്കുകയായിരുന്ന ആയൂർവേദ നഴ്‌സ് അഞ്ചു(24)വിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും നടപ്പാത കൈയേറിയ വ്യാപാരികളെ ഒഴുപ്പിക്കുന്നതിനോ റോഡിലെ വാഹന പാർക്കിംഗിന് പകരം സംവിധാനം ഏർപ്പെടുത്തുവാനോ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.

മാർക്കറ്റ് ജംഗ്ഷൻ മുതൽ ആശുപത്രി കവല വരെ

നഗരത്തിൽ കൈയേറ്റം ഏറ്റവും കൂടുതലുള്ളത് മാർക്കറ്റ് ജംഗ്ഷൻ മുതൽ ഗവ.ആശുപത്രി കവലവരെ. വാഹന പാർക്കിംഗും കടകളിലെ സാധനങ്ങൾ ഫുഡ് പാത്തുകളിലേക്ക് ഇറക്കിവെക്കുന്നതും ഇതുവഴി കാൽനടയാത്രയും തടസപ്പെടുത്തിയിരിക്കുകയാണ്.

മാർക്കറ്റ് റോഡും കൈയേറി

നഗരസഭയ്ക്ക് വിശാലമായ മാർക്കറ്റുണ്ടെങ്കിലും ഇതിനു മുൻഭാഗത്തുളള ചെങ്ങന്നൂർ-കോഴഞ്ചേരി-പത്തനംതിട്ടറോഡാണ് വ്യാപാരികൾ കച്ചവടത്തിനായി തിരഞ്ഞെടുത്തിട്ടുളളത്. വീതികുറഞ്ഞ ഈ റോഡിലേക്ക് ഉന്തുവണ്ടികൾ ഇറക്കിയുളള കച്ചവടമാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. മണ്ഡല മകരവിളക്ക് കാലത്തും മാസപൂജവേളകളിലും അയ്യപ്പ ഭക്തർ ശബരിമലയാത്രയ്ക്ക് ഈ റോഡാണ് ഉപയോഗിക്കുന്നത്. സീസൺ കാലത്ത് ഇതുവഴിയുളള ഗതാഗതം ദുരിതപൂർണമാണ്. മാത്രമല്ല വൺവേ തെറ്റിച്ച് ഇതുവഴി വാഹനങ്ങൾ കയറുന്നതും ഈ റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നതിന് കാരണമാകുന്നു.

നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻകൂർ നോട്ടീസ് നൽകി വിളിപ്പിച്ചെങ്കിലും 40 കടയുടമകൾ മാത്രമാണ് നഗരസഭയിൽ എത്തിയത്. ഇവരോട് കൈയേറ്റം അടിയന്തരമായി നീക്കണമെന്ന് നിർദ്ദേശം നൽകി. എന്നാൽ ഒരു വ്യാപാരിയും ദിവസങ്ങൾ പിന്നിട്ടിട്ടും കൈയേറ്റം ഒഴിയാൻ തയാറായില്ല. ഇതേ തുടർന്ന് കടഉടമകൾക്ക് വീണ്ടും നോട്ടീസ് നൽകുമെന്നും നിശ്ചിത ദിവസത്തിനകം കൈയേറ്റമൊഴിയാൻ ആവശ്യപ്പെടും. ഈ നിർദ്ദേശവും അവഗണിച്ചാൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ കൈയ്യേറ്റങ്ങൾ എടുത്തുമാറ്റും.

വി.ഷെറി

നഗരസഭാ സെക്രട്ടറി