anand

അടൂർ: മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് കഴിഞ്ഞ ഒരു പൊലീസുകാരനെ കൂടി കാണാതായി. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആനന്ദ് ഹരിപ്രസാദിനെയാണ് ശനിയാഴ്ച രാത്രി 12 മുതൽ കാണാതായത്.

മേലുദ്യോഗസ്ഥനുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ് നവാസിനെ കണ്ടെത്തിയതിന് പിന്നാലെയാണ് സമാന സാഹചര്യത്തിൽ മറ്റൊരു പൊലീസുകാരൻ വീടു വിട്ടത്.

ആനന്ദ് ഹരിപ്രസാദ് ഇന്നലെ ഉച്ചയ്ക്ക് 12 ന് ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും എവിടെയാണെന്ന് പറഞ്ഞില്ല. തിങ്കളാഴ്ച മടങ്ങിയെത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വിവരമില്ല. സ്ഥിരമായി രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതു മൂലം ആനന്ദ് മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ഭാര്യ പറയുന്നു. ജോലി സമ്മർദ്ദം താങ്ങാനാകാതെ ഞാൻ പോവുകയാണെന്ന് ശനിയാഴ്ച രാത്രി 12ന് ജില്ലാ പൊലീസ് മേധാവിക്കും അടൂർ ഡിവൈ.എസ്.പിക്കും ആനന്ദ് വാട്സ് ആപ്പിൽ സന്ദേശമയച്ചിരുന്നു. ഇന്നലെ രാവിലെയാണ് സന്ദേശം ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ആനനന്ദിനെ കണ്ടെത്താൻ ഇന്നലെ രാവിലെ മുതൽ ജില്ലയിലുടനീളം വാഹന പരിശോധന നടത്തി. അടൂർ, ഏനാത്ത് ഭാഗങ്ങളിലെ പ്രധാന സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകളും പരിശോധിച്ചു.മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ഇയാൾ എറണാകുളത്തുള്ളതായി പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണ് ആനന്ദിനെ കാണാതായതെന്ന ഭാര്യയുടെ മൊഴിയിൽ അടൂർ പൊലീസ് കേസെടുത്തു.