upavasa-samaram
ശ്രീനാരായണ ഗുരുവിനെ ഫെയ്സ് ബുക്കിലൂടെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം യൂണിയൻ ചെയർമാൻ ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ഗുരുദേവനെ അവഹേളിച്ചിട്ടും ശ്രീനാരായണ സമൂഹം സംയമനം പാലിക്കുന്നത് നിയമത്തിലുളള വിശ്വാസം കൊണ്ടാണെന്നും ഇതിനെ ദൗ‌‌ർബല്യമായി ആരും കരുതരുതെന്നും എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ബി.സുരേഷ് ബാബു പറഞ്ഞു.

ഫേസ് ബുക്കിലൂടെ ഗുരുദേവനെ അവഹേളിച്ച യുവാവിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ടൗൺശാഖാ ഗുരുമന്ദിരത്തിനുമുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യത്തെ ചിലർ ദുരുപയോഗം ചെയ്യുകയാണ്. ഗുരുവിനെ ആക്ഷേപിച്ചവർക്ക് തങ്ങളുമായി ബന്ധമില്ലെന്നല്ല ഭരണകർത്താക്കൾ പറയേണ്ടത്. മറിച്ച് കുറ്റക്കാരനെ പിടികൂടാനാവശ്യമായ നടപടിയാണ് സ്വീകരിക്കേണ്ടത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് ഉറപ്പുനൽകിയ അന്വേഷണ ഉദ്യോഗസ്ഥർ എന്തുകൊണ്ടാണ് ഇതുചെയ്യാൻ മടിക്കുന്നതെന്ന് വ്യക്തമാക്കണം. പ്രതിയെ പിടികൂടാൻ പൊലീസ് മടിക്കുന്ന പക്ഷം ശക്തമായ മറ്റ് സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.എസ് വിജയൻ, യോഗം ഡയറക്ടർ സന്തോഷ് ശാന്തി, ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി, തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ ഉഴത്തിൽ, മാവേലിക്കര യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം. പണിക്കർ, അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ, ചെങ്ങന്നൂർ യൂണിയൻ വൈസ് ചെയർമാൻ കെ.കെ.മഹേശൻ, യൂണിയൻ കൺവീനർ ബൈജു അറുകുഴി, യൂണിയൻ കമ്മിറ്റി അംഗം ഗിരീഷ് കോനാട്ട് എന്നിവർ പ്രസംഗിച്ചു.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ശ്രീനാരായണീയർ ഉപവാസത്തിൽ പങ്കെടുത്തു..