പത്തനംതിട്ട: മാലിന്യ സംഭരണം നിലച്ചിട്ട് രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും നഗരത്തിൽ മാലിന്യക്കൂമ്പാരം. റോഡുവക്കിലും ചന്തയിലും ബസ് സ്റ്റാൻഡുകളിലും മാലിന്യം കൂടിക്കിടക്കുന്നു. അഴുകിയ മാംസാവശിഷ്ടങ്ങളും പച്ചക്കറികളുമാണേറെയും. ചാക്കുകളിലും കവറുകളിലുമാണ് മാലിന്യം തളളിയിരിക്കുന്നത്. ഇവ തെരുവ് നായകൾ വലിച്ചിഴച്ച് റോഡുകളിലുമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ചാറ്റൽ മഴയിൽ മാലിന്യം വീണ്ടും ചീഞ്ഞളിഞ്ഞിട്ടുണ്ട്. ചന്തക്കുളളിലും ബസ് സ്റ്റാൻഡുകളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യച്ചാക്കുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. ആളുകൾ മൂക്കു പൊത്തിയാണ് ബസ് സ്റ്റാൻഡുകളിലും ചന്തയിലും നിൽക്കുന്നത്. മാലിന്യം കൊണ്ടുളള രോഗഭീതിയിലാണ് നഗരം.
സ്വകാര്യ ഏജൻസി വഴി നഗരസഭ മാലിന്യം ശേഖരിച്ച് സംഭരിക്കുന്ന പ്രവൃത്തികൾ ഇൗ മാസം 15ന് അവസാനിച്ചിരുന്നു. മാലിന്യ നീക്കത്തിന് പകരം സംവിധാനം ഇല്ലാതെ വന്നതോടെയാണ് നഗരം നാറാൻ തുടങ്ങിയത്. പുതിയ ഏജൻസികൾ വരുന്നതുവരെ മാലിന്യം നീക്കം നടക്കില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. തുമ്പൂർമൂഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ നേരത്തേ പ്രവർത്തനരഹിതമായിരുന്നു. പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലുമാണ് എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിച്ചത്.
മാലിന്യനീക്കത്തിന് പുതിയ രണ്ട് ഏജൻസികൾ താൽപ്പര്യ പത്രം നൽകിയിട്ടുണ്ടെന്ന് നഗരസഭ അധികൃതർ പറയുന്നു. എന്നാലും പ്രശ്നം തീരില്ല. നഗരസഭയുടെ പിന്നിലെ സ്ഥലത്ത് ഇനി മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന് ഉടമ നഗരസഭയെ അറിയിച്ചിട്ടുണ്ട്. പുതിയ സ്ഥലം കണ്ടെത്തണം.
മാലിന്യം സംഭരിച്ചുകൊണ്ടിരുന്ന ഏജൻസിയുടെ പ്രവർത്തനത്തിൽ ശുചിത്വമിഷൻ അതൃപ്തി അറയിച്ചിരുന്നു. മാലിന്യം ജൈവവും അജൈവവും തരംതിരിക്കാതെ നഗരസഭയുടെ പിന്നിലെ മൈതാനത്ത് തളളുന്ന പ്രവർത്തനമായിരുന്നു ഏജൻസിയുടെതെന്ന് ശുചിത്വമിഷൻ അധികൃതർ പറഞ്ഞു.
.....
ഹരിതകർമ്മസേന പ്രവർത്തനമില്ല
പഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യം സംഭരിക്കുന്ന ഹരിത കർമ്മസേന പത്തനംതിട്ട നഗരസഭയിൽ പ്രവർത്തനമില്ല. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നതിനുളള സേനയുടെ പ്രവർത്തനം മിക്ക പഞ്ചായത്തുകളിലും ജില്ലയിലെ മറ്റ് മുനിസിപ്പാലിറ്റികളിലുമുണ്ട്.
.....
ശുചിത്വമിഷൻ നൽകിയ നിർദേശങ്ങൾ നടപ്പായില്ല
രണ്ടു പ്രധാന നിർദേശങ്ങളാണ് ശുചിത്വമിഷൻ നൽകിയത്.
1.ഹരിതകർമ്മസേന രൂപീകരിച്ച് ജൈവ മാലിന്യങ്ങൾ തുമ്പൂർമൂഴി മോഡൽ പ്ളാന്റിൽ സംസ്കരിക്കുക.
2. അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാൻ പറ്റാത്തവ ഹരിതകർമ്മസേന വഴി പ്ളാന്റിലെ പ്ളാസ്റ്റിക് സംസ്കരണ യൂണിറ്റിലെത്തിച്ച് സംസ്കരിക്കുക. രണ്ടും നടപ്പായില്ല.
.....
സ്ഥലം കിട്ടിയാൽ വീണ്ടും മാലിന്യം ശേഖരിക്കും.
മാലിന്യനീക്കത്തിന് രണ്ട് ഏജൻസികൾ താൽപ്പര്യം പത്രം നൽകിയിട്ടുണ്ട്. തുമ്പൂർമൂഴി മാതൃകയിലെ പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിലെ പ്ളാന്റ് ഇന്നലെ രാവിലെ മുതൽ പ്രവർത്തിക്കുന്നുണ്ട്. ജൈവ, അജൈവ മാലിന്യങ്ങൾ അവിടെയെത്തിക്കണം.
ഗീതാസുരേഷ്,
നഗരസഭ ചെയർപേഴ്സൺ
....
മാലിന്യംതളളുന്നവരെ പിടികൂടാൻ സ്ക്വാഡ്
ചാക്കുകളിലും പ്ളാസ്റ്റിക്കുകളിലും മാലിന്യം നഗരത്തിലെ റോഡിലും ബസ് സ്റ്റാൻഡിലും തളളുന്നവരെ പിടികൂടാൻ നഗരസഭ ജീവനക്കാരുടെ സ്ക്വാഡ് ഇറങ്ങി. രാത്രിയിലും സ്ക്വാഡ് നഗരത്തിലുണ്ടാകും. മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴയീടാക്കും.