പത്തനംതിട്ട: പശ്ചിമ ബംഗാളിൽ സമരംചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ ജില്ലയിലെ ഡോക്ടർമാർ പണിമുടക്കി. സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ഒ.പി പ്രവർത്തനം തടസപ്പെട്ടത് രാവിലെ രോഗികളെ വലച്ചു. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ രാവിലെ രണ്ട് മണിക്കൂർ ഒ. പി ബഹിഷ്‌ക്കരിച്ച് സമരത്തിൽ പങ്കെടുത്തു. അത്യാഹിത വിഭാഗവും ശസ്ത്രക്രിയകളും പതിവ് പോലെ നടന്നു. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കിയിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രി ഒ.പിയിൽ രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടു. പത്ത് മണിയ്ക്ക് ശേഷമാണ് ഒ.പിയിൽ ഡോക്ടർമാർ എത്തിയത്. ദൂര സ്ഥലങ്ങളിൽ നിന്ന് എത്തിയവർക്ക് പത്ത് മണിവരെ കാത്ത് നിൽക്കേണ്ടി വന്നു. അപ്പോഴേക്കും ഒ.പി ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കായി. തിങ്കളാഴ്ചയായതിനാൽ എല്ലാ ആശുപത്രികളിലും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. സമരത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലും ഒ.പി പ്രവർത്തിച്ചില്ല. ബുക്ക് ചെയ്യുമ്പോൾ ഡോക്ടർമാർ ഇല്ലെന്ന് അറിഞ്ഞതിനാലാവും സ്വകാര്യ ആശുപത്രികളിൽ വലിയ തിരക്കില്ലായിരുന്നു. ദന്താശുപത്രികൾ പൂർണമായും പ്രവർത്തിച്ചില്ല.