prapancham-club
പ്രപഞ്ചം ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പാട് പഞ്ചായത്തിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുന്നു

ചെങ്ങന്നൂർ: പ്രളയത്തിൽ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ ആലപ്പാട് മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് ട്രോളിംഗ് കാലത്തെ ദുരിതത്തിൽ സഹായമെത്തിച്ച് മാതൃകയാവുകയാണ് പെരിങ്ങിലിപ്പുറം പ്രപഞ്ചം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്. കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ ഉണ്ടായ മഹാപ്രളയത്തിൽ ചെങ്ങന്നൂർ പെരിങ്ങിലിപ്പുറം ഭാഗത്ത് ക്ലബ് അംഗങ്ങളോടൊപ്പം രക്ഷാപ്രവർത്തനം നടത്തിയത് ആലപ്പാട് പഞ്ചായത്തിലെ ഭദ്രമുക്ക്, തമ്പോളി ചിറ, പണിക്കർകടവ് അഴീക്കൽ, ചെറിയ അഴീക്കൽ എന്നീ ഭാഗത്തുളള മത്സ്യ തൊഴിലാളികളായിരുന്നു. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ഈ തുറകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉടലെടുത്തത്. ഇത് മനസിലാക്കിയ ക്ലബ് അംഗങ്ങൾ ഈ ഭാഗങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അരി, പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ 2000 രൂപയുടെ കിറ്റ് എത്തിക്കുകയായിരുന്നു. ക്ലബ് അംഗങ്ങളായ പതിനഞ്ചിൽപ്പരം ആളുകളുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്. ക്ലബ് അംഗങ്ങളുടെ സഹായം ഏറെ പ്രയോജനകരമായെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തി. എന്നാൽ ഇത് തങ്ങളുടെ കടമയാണെന്ന നിലപാടിലാണ് ക്ലബ് ഭാരവാഹികൾ.