photo
തേക്കുതോട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഉദ്ഘാടനവും കാത്ത് കിടക്കുന്ന പുതിയ കെട്ടിടം.

കോന്നി: ഒന്നരക്കോടി രൂപ മുടക്കി ഇരുനില കെട്ടിടം നിർമ്മിച്ചിട്ടും വിദ്യാർത്ഥികൾക്ക് പഠിക്കാൻ പഴയ ചോർന്നൊലിക്കുന്ന ഓടിട്ട കെട്ടിടം. മലയോര ഗ്രാമമായ തേക്കുതോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഈ ഗതികേട്. രണ്ട് ഓടിട്ട പഴയ കെട്ടിടങ്ങളാണ് തേക്കുതോട് ഗവ.ഹൈസ്‌കൂളിന് ഉണ്ടായിരുന്നത്. യു.പി സ്‌കൂൾ ഹൈസ്‌കൂളായി ഉയർന്നതോടെ പുതിയ ബഹുനില കെട്ടിടം നിർമ്മിച്ച് ഹൈസ്‌കൂൾ വിഭാഗത്തെ ഇവിടേക്കു മാ​റ്റിയിരുന്നു. പഴയ കെട്ടിടങ്ങളിൽ യു.പി, എൽ.പി വിഭാഗങ്ങൾ പ്രവർത്തിച്ചു വരികയായിരുന്നു. ഇവിടെ ഹയർ സെക്കൻഡറി അനുവദിച്ചതോടെ ചോർന്നൊലിക്കുന്ന ഓടിട്ട പഴയ കെട്ടിടത്തിൽ ഈ വിഭാഗം പ്രവർത്തനം ആരംഭിക്കുകയായിരുന്നു. തുടർന്ന് എം.എൽ.എ ആയിരുന്ന അടൂർപ്രകാശിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 2015-16 സാമ്പത്തിക വർഷം 1.65 കോടി രൂപ ചെലവിൽ ഹയർ സെക്കൻഡറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതിയായി. പഴയ ഓടിട്ട ഒരു കെട്ടിടം പൊളിച്ചുമാ​റ്റി ഇരുനില കെട്ടിടത്തിന്റെ പണികൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇതുവരെ ഈ കെട്ടിടം ഉദ്ഘാടനം ചെയ്ത് ഹയർസെക്കൻഡറി വിഭാഗത്തിന് കൈമാറാത്തതാണ് വിദ്യാർത്ഥികളെ വലയ്ക്കുന്നത്.

ചോർന്നൊലിക്കുന്ന പഴയ കെട്ടിടം

സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി 240 ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിൽ പഠനം നടത്തുകയും, ഇടുങ്ങിയ ലാബിൽ പ്രാക്ടീസ് ചെയ്യുകയുമാണ് ഇപ്പോൾ. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഇല്ല

240 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ

പുതിയ കെട്ടിടം നിർമ്മിച്ചത് 1.65 കോടി രൂപ ചെലവിൽ

പൂർത്തിയാക്കിയിട്ട് 1 വർഷം

കെട്ടിടത്തിന്റെ പണികളെല്ലാം പൂർത്തിയായതാണ്. ഉദ്ഘാടകനെയും അദ്ധ്യക്ഷനെയും ചൊല്ലിയുള്ള സ്‌കൂൾ പി.​ടിഎ യുടെയും രാഷ്ട്രീയക്കാരുടെയും പിടിവാശിയാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടു പോകാൻ കാരണം.

അനിൽകുമാർ

(പൊതു പ്രവർത്തകൻ)