water
എം.സി റോഡിൽ സെൻട്രൽ ജംഗ്ഷന് തെക്ക് രൂപം കൊണ്ട വെള്ളക്കെട്ട്.

അടൂർ: അടൂർ-തിരുവനന്തപുരം റോഡിൽ സെൻട്രൽ ജംഗ്ഷന് തെക്ക് ഭാഗത്ത് പെട്രോൾ പമ്പിന് സമീപമുള്ള വെള്ളക്കെട്ട് വാഹന യാത്രികർക്കും കാൽനട യാത്രികർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വെള്ളക്കെട്ടിൽ കയറാതിരിക്കാൻ ഇടത് ഭാഗത്ത് കൂടി വരുന്ന വാഹനങ്ങൾ വലത് വശ ത്തേക്ക് കയറുന്നത് എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ സാദ്ധ്യതയുണ്ട്. നേരത്തെ ഈ ഭാഗത്ത് വെള്ളക്കെട്ട് മൂലം ടാറിംഗ് ഇളകി കുണ്ടും കുഴിയുമാകുന്ന അവസ്ഥയായിരുന്നു.ഇത് പരിഹരിക്കാനായി ഇവിടെ കോൺക്രീറ്റ് ടൈലുകൾ പാകിയിരുന്നു. ഇതോടെ റോഡിന്റെ തകർച്ചയ്ക്ക് പരിഹാരമായെങ്കിലും സമീപത്തെ ഓടകൾ നികന്ന് വെള്ളം ഒഴുകി പോകുന്നതിന് തടസമായതാണ് കാരണം. നൂറ് കണക്കിന് കെ.എസ്.ആർ ടി.സി ബസുകൾ, കണ്ടെയ്നർ ലോറികൾ ടാക്സി - സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ പതിനായിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്.ഈ ഭാഗത്ത് നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ഇവിടെ റോഡിന് വീതിയും കുറവാണ്.