അടൂർ : ജോലിഭാരവും വീട്ടിലെ ബുദ്ധിമുട്ടുമാണ് നാട്ടിൽ നിന്ന് പോകാൻ കാരണമെന്ന് ഏനാത്ത് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആനന്ദ് ഹരിപ്രസാദ് പറഞ്ഞു. ജീവിതം മടുത്തതിനാൽ വീടുവിട്ടുപോകുന്നു എന്നുകാണിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി. ജയദേവന് മൊബൈൽ ഫോണിൽ സന്ദേശം അയച്ചശേഷം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ആനന്ദ് അടൂരിലെ ക്വാർട്ടേഴ്സിൽ നിന്ന് പോയത്. എന്നാൽ ശബരിമല ഡ്യൂട്ടിക്ക് പോകുന്നെന്നാണ് ക്വാർട്ടേഴ്സിലുള്ളവരോട് പറഞ്ഞത്.
മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കാരണമാണ് ആനന്ദ് പോയതെന്ന ഭാര്യയുടെ മൊഴിയിൽ അടൂർ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടത്തുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലുണ്ടെന്ന് വിവരം ലഭിച്ചു. രാത്രിയോടെ തൃപ്പൂണിത്തുറയിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചയോടെ അടൂരിൽ എത്തിച്ചു. അടൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.
രണ്ട് ഇരട്ടക്കുട്ടികളും ഭാര്യാമാതാവും രോഗംബാധിച്ച് കിടപ്പിലാണ്. സഹോദരി കാൻസർ രോഗത്തിന് ചികിത്സയിലാണ്. ഇൗ അവസ്ഥയിലും പകലും രാത്രിയും ഡ്യൂട്ടി നോക്കേണ്ടിവരുന്നതിലെ മാനസിക സംഘർഷമാണ് വീട് വിടാൻ പ്രേരിപ്പിച്ചതെന്നും ആനന്ദ് പറഞ്ഞു.