തിരുവല്ല: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതായി കണക്ക് . ഈ അദ്ധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിലെ കണക്കിലാണിത്. മുൻവർഷത്തേക്കാൾ 911 കുട്ടികളുടെ കുറവാണുള്ളത്. പത്താംക്ലാസിൽ നിന്ന് പുറത്തുപോയ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ വർദ്ധന ഇല്ലാതിരുന്നതാണ് കുറവിനു കാരണം. ഒന്നാംക്ലാസിൽ ഇക്കുറി 6573 കുട്ടികളാണ് പഠിക്കാനെത്തിയത്. ഇതനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ കണക്കെടുപ്പാണ് ആറാം പ്രവൃത്തിദിനത്തിൽ നടത്തുന്നത്. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലായി ജില്ലയിൽ 84908 കുട്ടികളാണ് ഇക്കുറി പഠിക്കുന്നത്. കഴിഞ്ഞവർഷം ഇത് 85819 ആയിരുന്നു. ഇത്തവണ 43887 ആൺകുട്ടികളും 41021 പെൺകുട്ടികളും സ്‌കൂളുകളിലുണ്ട്. ഗവൺമെന്റ് സ്‌കൂളുകളിൽ 11381 ആൺകുട്ടികളും 10429 പെൺകുട്ടികളും ഉൾപ്പെടെ 21810 കുട്ടികളാണ് പഠിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിൽ 28140 ആൺകുട്ടികളും 26507 പെൺകുട്ടികളും ഉൾപ്പെടെ 54647 കുട്ടികളും സംസ്ഥാന സിലബസിലെ അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിൽ 4366 ആൺകുട്ടികളും 4085 പെൺകുട്ടികളും ഉൾപ്പെടെ 8541 പേരും പഠിക്കുന്നു. ഒന്നാം ക്ലാസിൽ സർക്കാർ സ്‌കൂളുകളിൽ 2985 കുട്ടികളും എയ്ഡഡ് മേഖലയിൽ 2407 കുട്ടികളും അൺഎയ്ഡഡ് മേഖലയിൽ 1181 കുട്ടികളും ചേർന്നു. 3345 ആൺകുട്ടികളും 3228 പെൺകുട്ടികളുമാണ് ഒന്നാംക്ലാസിൽ ചേർന്നിരിക്കുന്നത്.
--------------------
കാരണം ജനസംഖ്യയിലെ കുറവ്
സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ വർദ്ധിക്കുന്നുണ്ട്. ജനസംഖ്യയിലെ കുറവ് മൂലമാണ് പത്തനംതിട്ട ജില്ലയിൽ കുട്ടികൾ കുറഞ്ഞത്. പ്രവാസികൾ ഏറെയുള്ള പത്തനംതിട്ടയിൽ ജനനശേഷം നല്ലൊരു ശതമാനം കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ട്. രണ്ടുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മുൻ വർഷത്തേക്കാൾ കുട്ടികൾ കൂടിയിട്ടുണ്ട്.
ആർ.വിജയമോഹൻ
ജില്ലാ പ്രോജക്ട് ഓഫീസർ
സർവശിക്ഷാ കേരള