പത്തനംതിട്ട : മഴക്കാലം തുടങ്ങിയതോടെ ഫയർഫോഴ്സിന് പിടിപ്പത് പണിയാണ്. മരങ്ങൾ വീണുള്ള ഗതാഗത തടസം മുതൽ മുങ്ങിമരണങ്ങൾ വരെ നീളുന്നു പട്ടിക. പക്ഷേ പത്തനംതിട്ട ഹെഡ് ഫയർ സ്റ്റേഷനിൽ ജീവനക്കാർ കുറവാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള അംഗബലമില്ല. പത്ത് ഹോം ഗാർഡുമാർ അടക്കം നാൽപ്പത്തിയൊമ്പത് പേരാണ് കണക്കിൽ ആകെയുള്ളത്. ഒരു ഫയർമാൻ ഡിപ്പാർട്ട്മെന്റ് മാറിപ്പോയി. കുറച്ചുപേർ ട്രെയിനിംഗിനും ശബരിമല ഡ്യൂട്ടിയ്ക്കും പോയി. ബാക്കിയുള്ളവരുമായി വേണം ഇൗ മഴക്കാലത്തെ നേരിടാൻ.
ജില്ലയിലെ മറ്റ് ഫയർ സ്റ്റേഷനുകളിലും ഇത്രയുംപേർ വരും. ജില്ലയിലെ മറ്റ് ഫയർസ്റ്റേഷനുകളുടെ ഇരട്ടിയിലധികം ജീവനക്കാർ ഹെഡ് ക്വാർട്ടേഴ്സിൽ വേണമെന്നാണ് ചട്ടം. അപകടങ്ങൾ ഒരേസമയം പല സ്ഥലത്ത് നടക്കുമ്പോൾ എല്ലായിടത്തും എത്തിപ്പെടാൻ ജീവനക്കാർക്ക് കഴിയില്ല.
മഴ കനത്തതോടെ നിരവധി പേർ മീൻപിടിക്കാനും കുളിക്കാനും വെള്ളത്തിൽ ഇറങ്ങി അപകടമുണ്ടാവുന്നുമുണ്ട്. ഹെഡ്ക്വാർട്ടേഴ്‌സിൽ മാത്രമാണ് പരിശീലനം നേടിയ മുങ്ങൽ വിദഗ്ദരുള്ളത്. അതും രണ്ട്‌പേർ മാത്രം.
പരിശീലനം നേടിയ കൂടുതൽ പേർ വേണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്.
പുഴയിൽ വീണ ഒരാളെ രക്ഷിക്കാനോ മൃതദേഹം കരയ്ക്ക് കയറ്റാനോ ജീവനക്കാർ വെള്ളത്തിൽ ഇറങ്ങേണ്ടിവരും. നീന്തലറിയത്തവർ ജീവൻ പണയം വച്ചാണ് ഇതുചെയ്യുന്നത്.
-------------------------------------
ഹെഡ് ഓഫീസിൽ 49 ജീവനക്കാർ.
ജീവനക്കാർ കുറവായത് കാരണം നിലവിലുള്ളവർ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നു.
പത്ത് വാഹനങ്ങൾക്ക് ഏഴ് ഡ്രൈവർമാർ.
ഒരു അസിസ്റ്റന്റ് ഓഫീസർ മാത്രം
----------------------------
ഇ.ആർ.ടി വാഹനം വേണം
എഴുപത്തഞ്ചിലധികം അത്യാധുനിക ഉപകരണങ്ങൾ അടങ്ങിയ ആധുനിക രക്ഷാവാഹനമാണ് ഇ.ആർ.ടി. (എമർജൻസി റെസ്ക്യൂ സെന്റർ ). 50 ടൺ ഭാരം ഉയർത്തുന്നതിനുള്ള ജാക്കി, ഹൈഡ്രോളിക് ഉപകരണങ്ങൾ, മൾട്ടി ഗ്യാസ് ഡിറ്റക്ടർ, ന്യൂമാറ്റിക് ഉപകരണങ്ങൾ, വിവിധതരം കട്ടറുകൾ, സെർച്ച് ലൈറ്റ്, വായുനീക്കം ചെയ്യാൻ ബ്ലോവറുകൾ, ടെലിസ്കോപ്പിക് ടവർ ലൈറ്റ് തുടങ്ങിയവ ഇതിലുണ്ടാകും. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇത് വളരെ സഹായകമാണ്.