പത്തനംതിട്ട: ഇന്നലെ നഗരത്തിലിറങ്ങിയ ഒരു സംഘം കുട്ടികളെ കണ്ട് ആളുകൾ വിസ്മയിച്ചു. മുഖത്ത് ചായം തേച്ച് പ്രത്യേക താളത്തിൽ നടന്നുനീങ്ങിയ കുട്ടികളുടെ കൈയിൽ പുസ്തകങ്ങളുണ്ട്. കൂട്ടത്തിൽ ഒരുവൻ വിസിൽ മുഴക്കുമ്പോൾ മറ്റുള്ളവർ നിശ്ചലരായി നിന്ന് വായന തുടങ്ങും. ചിലപ്പോൾ അവർ കടകളിലും വാഹനങ്ങളിലും കയറി വായന നടത്തിയെന്നിരിക്കും. വായനദിനത്തിൽ കൗതുകരമായ ഇൗ പരിപാടി നടത്തിയത് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ്. തീയേറ്റർ റീഡിംഗ് മാർച്ച് എന്ന ആവിഷ്കാരം ഏറെ ശ്രദ്ധപിടിച്ചുപറ്റി.
പതിനഞ്ച് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വായനയുടെ അമ്പതിൽപ്പരം വ്യത്യസ്ത ഇമേജുകളാണ് അവതരിപ്പിച്ചത്. തൽസമയ നാടകമെന്ന സങ്കേതമാണ് തീയേറ്റർ റീഡിംഗ് മാർച്ചിൽ ഉപയോഗിച്ചത്. വായനയുടെ പ്രാധാന്യം പൊതുസമൂഹത്തിൽ എത്തിക്കുകയായിരുന്നു മാർച്ചിന്റെ ലക്ഷ്യമെന്ന് സംവിധാനം ചെയ്ത അദ്ധ്യാപകൻ മനോജ് സുനി പറഞ്ഞു. ബിജു എസ്., അജി ദാനിയേൽ, വിവേക് എന്നിവരായിരുന്നു ക്യാപ്റ്റന്മാർ. ജനറൽ ആശുപത്രി പടിക്കൽ ആരംഭിച്ച തിയേറ്റർ മാർച്ച് സ്കൂൾ ഹെഡ്മാസ്റ്റർ കെ. ജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.