തിരുവല്ല: വിദ്യാഭ്യാസം കൊണ്ട് സാമൂഹിക വീക്ഷണം ആർജ്ജിക്കുവാൻ കുട്ടികൾക്ക് കഴിയണമെന്ന് മുൻ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെ അനുമോദിക്കാൻ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 'പ്രൗഡ് ഒഫ് പുളിക്കീഴ് മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്ന ലോകക്രമത്തിൽ പ്രതിസന്ധികളെ അതിജീവിക്കാൻ വിദ്യാഭ്യാസം കൊണ്ട് മാത്രമെ സാധിക്കുകയുള്ളുന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സൂസമ്മ പൗലോസ്, ശോശാമ്മ മജു, ബിനിൽ കുമാർ, അംഗങ്ങളായ ഈപ്പൻ കുര്യൻ, അംബികാ മോഹൻ, ടി.പ്രസന്നകുമാരി, അന്നമ്മ വർഗ്ഗീസ്, എം.ബി. നൈനാൻ, അനുരാധ സുരേഷ്, ബാബു കല്ലുങ്കൽ, സെക്രട്ടറി ബീനാകുമാരി എന്നിവർ പ്രസംഗിച്ചു.