പന്തളം : പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജനപദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ മുടക്കി നിർമ്മിച്ച റോഡിലൂടെ യാത്രചെയ്യാൻ പറ്റാത്ത സ്ഥിതി. കുരമ്പാല ഇടയാടി - പൂഴിക്കാട് തൂമല റോഡിന് ഇരുവശത്തുമായി കൈത, ആനതൊട്ടാവാടി, അനച്ചകം എന്നിവ വളർന്ന് റോഡിന്റെ സിംഹഭാഗവും എത്തിയതാണ് യാത്ര ദുരിതത്തിലാകാൻ കാരണം. ആനതൊട്ടാവാടി യാത്രക്കാരുടെ ദേഹത്ത് കൊണ്ട് മുറിഞ്ഞാൽ ചികിത്സിച്ച് ഭേദമാകാൻ ദിവസങ്ങളോളം വേണം. ഒരു കോടി ഒൻപത് ലക്ഷത്തി ഇരുപത്തിയൊരായിരത്തി അറുനൂറ്റി എട്ട് രൂപ മുടക്കി നിർമ്മിച്ചതാണ് ഈ റോഡ്. കന്നുകാലികൾക്കും ഇവ കൊടുക്കാറില്ല. റോഡിന്റെ പല ഭാഗത്തും വഴിവിളക്ക് ഇല്ലാത്തതിനാൽ രാത്രികാല യാത്രക്കാരും പ്രഭാതസവാരിക്കിറങ്ങുന്നവർക്കും ഇഴജന്തുക്കളുടെ ഭീഷണി ഉണ്ട്. അതിർത്തി നിർണയിച്ച് സ്ഥാപിച്ചിരുന്ന കല്ലുകളും കാടുമൂടിയിട്ടുണ്ട്.
നഗരസഭ തിരിഞ്ഞു നോക്കുന്നില്ല, കാരണമുണ്ട്
പണി കഴിഞ്ഞതിന്ശേഷം കരാറുകാരൻ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ല. എം.സി.റോഡിൽ അമ്പലത്തിനാൽചുര ജംഗ്ഷനിൽ നിന്നും പൂഴിക്കാട് തവളംകുളം ജംഗ്ഷനിലേക്ക് പോകുന്ന പന്തളം നഗരസഭ റോഡിന്റെ മുന്നൂറ് മീറ്ററോളം ഭാഗം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ നഗരസഭ ഇവിടുത്തെ കാട് നീക്കം ചെയ്യാനോ അറ്റകുറ്റപ്പണികൾ നടത്താനോ തയാറാകുന്നില്ല.
കരാറുകാരുടെ ചെല തട്ടിപ്പുകൾ
പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് പണിത മൂന്ന് കലുങ്കുകൾ പുനർനിർമ്മിക്കാൻ പുതിയ റോഡ് പണിതപ്പോൾ കരാറുകാരൻ തയാറായില്ല. പൂർത്തീകരിച്ച പ്രവർത്തിയുടെ കണക്കിൽ ഈ കലുങ്കുകളും പുതുതായി നിർമ്മിച്ചതായി കാണിച്ചാണ് കരാറുകാരൻ ബില്ല് മാറിയിട്ടുള്ളത്.
കരാറുകാരുമായുള്ള വ്യവസ്ഥ
നിർമ്മാണം പൂർത്തീകരിച്ച് അഞ്ച് വർഷം വർഷത്തിൽ ഒന്നും രണ്ടും തവണ ഇരു വശങ്ങളിലേയും കാടുവെട്ടിതെളിയിക്കണം. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം, കുഴിയടക്കൽ, ഓടയുടെ നവീകരണം, കലുങ്കുകളുടെ പാർശ്വഭിത്തികളുടെ വെള്ളപൂശൽ എന്നിവ കരാറുകാരൻ ചെയ്യണമെന്നാണ് വ്യവസ്ഥ.
-റോഡിന് 6 മീറ്റർ വീതി
-നിർമ്മാണത്തിന് -1925608 രൂപ
- ഇഴജന്തുക്കളുടെ ഭീഷണി
പൂഴിക്കാട് തവളംകുളം - കുടശനാട് പള്ളിഭാഗങ്ങളിൽ ഉള്ളവർ പന്തളം ഭാഗത്തേക്ക് പോകുന്നതിനും എം.സി.റോഡിൽ എത്തുന്നതിന് എളുപ്പവഴിയായി ഉപയോഗിക്കുന്ന റോഡാണിത്. കാടുകൾ നീക്കം ചെയ്ത് സഞ്ചാരത്തിന് സൗകര്യം ഒരുക്കുവാൻ കരാറുകാർ തയാറാകണം.
പി.കെ.ചന്ദ്രശേഖരപിള്ള
(പൂഴിക്കാട് പീപ്പിൾ ലൈബ്രറി പ്രസിഡന്റ്)