ayroor-hospital
ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ അയിരൂർ ജില്ലാ ആയുർവേദാശുപത്രിയിൽ സ്ഥാപിച്ച ലി​ഫ്റ്റിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി നിർവ്വഹിക്കുന്നു.

അയിരൂർ :ഒടുവിൽ ജില്ലാ ആയുർവേദാശുപത്രിയിലെ ലിഫ്റ്റ് നേരെയായി. നാല് നിലയുള്ള കെട്ടിടത്തിൽ ലിഫ്റ്റില്ലാത്തതിനാൽ ബുദ്ധിമുട്ടിയ രോഗികൾക്കും ജീവനക്കാർ‌ക്കും ആശ്വാസമായി. 50 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്താണ് ലിഫ്റ്റ് സ്ഥാപിച്ചത്.

അവശരായ രോഗികളെ വീൽചെയറിലും മറ്റും ചുമന്നാണ് ഇതുവരെ വാർഡുകളിൽ കൊണ്ടുപോയിരുന്നത്. ഒ.പി , ഫാർമസി, ഡോക്ടർമാരുടെ പരിശോധനാമുറി എന്നിവ മാത്രമാണ് താഴത്തെ നിലയിലുള്ളത്. നൂറ് കിടക്കകളുള്ള ആശുപത്രിയിൽ ചികിത്സതേടി എത്തുന്നവർ ഏറെയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് കഷായ ആശുപത്രി എന്ന പേരിൽ തുടങ്ങിയ സ്ഥാപനമാണിത്.
ലി​ഫ്റ്റിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി.തോമസ്‌കുട്ടി, വൈസ് പ്രസിഡന്റ് വൽസമ്മ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം മോളിബാബു , ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് പ്രൊഫ.കെ.എ മാത്യു , എച്ച്.എം.സി അംഗങ്ങളായ വിദ്യാധരൻ അമ്പലാത്ത്, സാംകുട്ടി അയ്യക്കാവിൽ, എം.വി.വിദ്യാധരൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സൂസൻ പി.ജോൺ എന്നിവർ പ്രസംഗിച്ചു.