ചെലവ്: 58കോടി, പദ്ധതി 5 പാക്കേജുകളിലായി

തിരുവല്ല: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല, ചങ്ങനാശ്ശേരി നഗരങ്ങൾക്കായുള്ള ശുദ്ധജലപദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകുമെന്ന് ജലവിഭവ വകുപ്പ്. നിർമ്മാണം പുരോഗമിക്കുന്ന നിർദ്ദിഷ്ട പദ്ധതിയെക്കുറിച്ച് മാത്യു ടി.തോമസ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവല്ല, ചങ്ങനാശ്ശേരി നഗരസഭകൾക്കും തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകൾക്കുമായി കിഫ്ബിയിലൂടെ ലഭിച്ച 58കോടിയുടെ പദ്ധതിയാണിത്. അഞ്ചു പാക്കേജുകളായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കല്ലിശ്ശേരിയിൽ പ്രതിദിനം 10 ദശലക്ഷം ജലശുദ്ധീകരണശാലയുടെ നിർമ്മാണവും 25 ദശലക്ഷം ജലശുദ്ധീകരണ ശാലയുടെ നവീകരണവും ഒന്നാം പാക്കേജിലാണ്. കല്ലിശ്ശേരി, തിരുമൂലപുരം, തിരുവല്ല പമ്പ് ഹൗസുകളിലേക്കുള്ള റോവാട്ടർ പമ്പുസെറ്റുകളും ക്‌ളീയർ വാട്ടർ പമ്പുസെറ്റുകളും ഇക്കൂട്ടത്തിൽ സ്ഥാപിക്കും. തിരുമൂലപുരത്ത് 15ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണി, രണ്ടുലക്ഷം ലിറ്റർ സമ്പ്, തിരുവല്ലയിൽ 22ലക്ഷം ലിറ്ററിന്റെ ഉന്നതതല സംഭരണി, തിരുമൂലപുരം സമ്പിലേക്കും ടാങ്കിലേക്കുമുള്ള ട്രാൻസ്മിഷൻ മെയിനുകൾ, തിരുമൂലപുരം ടാങ്കിൽ നിന്നുള്ള വിതരണം. തിരുവല്ലയിലെ ഓഫീസ് കോംപ്ലക്‌സിന്റെ നിർമ്മാണം, കുറ്റപ്പുഴ പ്രദേശത്തെ വിതരണം, സോളാർ പാനലുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തികൾ രണ്ടാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകളിലെ 15 ലക്ഷം ലിറ്റർ വീതമുള്ള ടാങ്കുകളുടെ നിർമ്മാണവും ഈ ഭാഗങ്ങളിലെക്കുള്ള ജലവിതരണവും മൂന്നാം പാക്കേജിൽ നടപ്പാക്കും. കുട്ടനാട് ജലശുദ്ധീകരണ ശാലയുടെ കറ്റോട് പമ്പ്ഹൗസിലെ ട്രാൻസ്ഫോമർ, തിരുവല്ല പമ്പിംഗ് സ്റ്റേഷൻ, കല്ലിശ്ശേരി ട്രാൻസ്ഫോമർ എന്നിവയുടെ നവീകരണം നാലാംഘട്ടത്തിൽ പൂർത്തിയാകും. കല്ലിശ്ശേരി, തിരുവല്ല ജലശുദ്ധീകരണ ശാലകളുടെ പ്രത്യേക ഇലക്ട്രിക് ലൈനുകൾ സ്ഥാപിക്കലാണ് അവസാനഘട്ടത്തിൽ നടപ്പാക്കുക.

മല്ലപ്പള്ളി,ആനിക്കാട് പദ്ധതി പുരോഗമിക്കുന്നു
മല്ലപ്പള്ളി, ആനിക്കാട് കുടിവെള്ള പദ്ധതിയുടെ കിണർ, ജലശുദ്ധീകരണശാല എന്നിവയുടെ നിർമ്മാണം 95ശതമാനം പൂർത്തിയായി. രണ്ടാംഘട്ട ജോലികൾ കരാർ നൽകി പ്രവർത്തികൾ തുടങ്ങി. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ (ഭാഗീകം) പഞ്ചായത്തുകളിലെ വിതരണശൃംഖല, മൂന്നാംഘട്ട ജോലികളുടെ സർവ്വേ എന്നിവ തുടങ്ങി. കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാംഘട്ട പ്രവർത്തി ഉൾപ്പെടുത്തി അനുമതിക്കുള്ള നടപടി തുടങ്ങി. അടുത്ത മാർച്ചിൽ ഒന്നുംരണ്ടും ഘട്ടജോലികൾ പൂർത്തിയാകും. തുടർന്ന് നിലവിലുള്ള പൈപ്പുകളിലൂടെ ജലവിതരണം നടത്താനാകും.

കേസിൽ കുടുങ്ങി സ്ഥലം ഏറ്റെടുക്കൽ
കുന്നന്താനം, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിക്കായുള്ള 40 ദശലക്ഷം ലിറ്റർ ജലശുദ്ധീകരണശാലയുടെ കോയിപ്രത്തെ നിർമ്മാണ സ്ഥലം സംബന്ധിച്ച ഹൈക്കോടതിയിൽ കേസ് ഉള്ളതിനാൽ സ്ഥലം ഏറ്റെടുക്കുന്നതിന് തടസം നേരിടുന്നു. ഉചിതമായ നടപടി സ്വീകരിച്ചശേഷമേ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കാവൂയെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. കേസിലെ വസ്തുതകൾ കോടതിയെ ബോധ്യപ്പെടുത്താനായുള്ള നടപടി സ്വീകരിച്ചു വരുന്നതായി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.