library1
കോയിപ്രം ഗ്രാമപഞ്ചായത്ത് പഴയ ഷോപ്പിംഗ് കോംപ്ലക്‌​സിൽ സ്ഥാപിച്ചിരിക്കുന്ന ലൈബ്രറി ബോർ​ഡ്

കോഴഞ്ചേരി : കോയിപ്രം ഗ്രാമ പഞ്ചായത്ത് പബ്ലിക്ക് ലൈബ്രറി തുറന്ന് പ്രവർത്തിക്കണമെന്നുള്ളത് നാളുകളായുള്ള ആവശ്യമാണ്. എന്നാൽ അധികൃതർ വേണ്ട യാതൊരു നടപടിയും എടുക്കുന്നില്ലെന്നതാണ് വാസ്തവം. അമ്പതിലേറെ വർഷം പഴക്കമുള്ള വായനശാലയാണ് പ്രവർത്തിക്കാതിരിക്കുന്നത്. ജൂൺ 19 വായനാദിനമായിട്ടും കോയിപ്രം പഞ്ചായത്തോഫീസിനോട് ചേർന്ന് പുല്ലാട് പ്രവർത്തിക്കുന്ന വായന ശാലയുടെ ഗതികേടാണ് നാട്ടുകാർക്ക് പറയാനുള്ളത്. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള വായന ശാലയാണ് ഇത്. കുറെ വർഷമായി ലൈബ്രേറിയൻ ഉണ്ടെങ്കിലും പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനോ പുസ്തകങ്ങൾ വായിപ്പിക്കുന്നതിനോ പഞ്ചായത്തധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌​സിൽ ഒരു മുറിയുടെ മുകളിൽ പഞ്ചായത്ത് ലൈബ്രറി എന്നെഴുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയിൽ ക്രമക്കേടുള്ളതായും നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്. വയറിംഗ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തീകരിച്ചെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല.ആണ്ടുതോറും ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ വാങ്ങി ശേഖരിക്കുന്നുവെങ്കിലും പൊതുജനങ്ങൾക്ക് വായിക്കാൻ നൽകുന്നില്ലായെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അടിയന്തരമായി ലൈബ്രറിയുടെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നും ജനങ്ങൾക്ക് പുസ്തകങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാണ്.