sabarimala-

പത്തനംതിട്ട: ശബരിമല വികസനത്തിൽ നാഴികക്കല്ലാകേണ്ട റോപ് വേ നിർമ്മാണത്തെ വനംവകുപ്പ് മുളയിലേ നുള്ളുന്നു. റോപ് വേക്ക് തൂണുകൾ നിറുത്താൻ മണ്ണ് പരിശോധനയ്ക്ക് നാലിഞ്ച് ആഴത്തിൽ കുഴിയെടുക്കാൻപോലും അനുമതി നൽകിയില്ല. വരുന്ന സീസണ്‌ മുൻപ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം റോപ് വേ വഴിയാക്കാനായിരുന്നു തീരുമാനം.

പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട ശബരിമല കാടുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി വനംവകുപ്പിന് ദേവസ്വം ബോർഡ് പല തവണ കത്തുനൽകുകയും ചർച്ചനടത്തുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കാൻ കൊൽക്കത്തയിലെയും അഹമ്മദാബാദിലെയും കമ്പനികളുമായി ധാരണപത്രം ഒപ്പിട്ടിരുന്നതുമാണ്.

പമ്പ മണൽപ്പുറത്ത് റോപ് വേ സ്റ്റേഷൻ സ്ഥാപിക്കാനുള്ള മണ്ണ് പരിശോധനയ്ക്ക് മാത്രമാണ് കുഴിയെടുക്കാൻ അനുമതി ലഭിച്ചത്. പമ്പ മുതൽ സന്നിധാനം വരെ 2.9 കിലോമീറ്ററിൽ 14 ഇടങ്ങളിൽ കോൺക്രീറ്റ് അടിത്തറയൊരുക്കി റോപ് വേക്ക് തൂണുകൾ സ്ഥാപിക്കേണ്ടതുണ്ട്. അവിടെ മരങ്ങൾ മുറിക്കുകയും വേണം. വനംവകുപ്പ് മുഖംതിരിച്ചാൽ ഇതു നടക്കില്ല.

പദ്ധതിക്കായി കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. അന്ന് സംസ്ഥാന, കേന്ദ വനം പരിസ്ഥിതി മന്ത്രാലയങ്ങൾക്ക് ഇവർ നൽകിയ റിപ്പോർട്ടിൽ റോപ് വേ വന്യമൃഗങ്ങളുടെ വാസ കേന്ദ്രങ്ങളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി തടസവാദം ഉന്നയിച്ചിരുന്നു.

റോപ് വേ

 25 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത് 2015ൽ

 പൂർത്തിയാക്കേണ്ടിയിരുന്നത് 2019ൽ

 2.9 കി.മീ. ദൂരം, 12 മീറ്റർ വീതി

 നിലവിൽ ട്രാക്ടർ ഒാടുന്നത് 7 കി.മീ.

ചരക്ക് നീക്ക നിരക്ക്

 ക്ഷേത്രത്തിലേക്കുള്ള സാധനങ്ങൾക്ക് ഒരു ടണ്ണിന് 1900 രൂപ

 കടകൾക്കും സ്വകാര്യ വ്യക്തികൾക്കും 2300 രൂപ

പ്രയോജനം

1. സന്നിധാനത്തേക്ക് ചരക്ക് നീക്കം വേഗത്തിലാകും

2. സന്നിധാനത്ത് അത്യാഹിതമുണ്ടായാൽ റോപ്പിലൂടെ ആംബുലൻസ്

3. ട്രാക്‌ടറുകൾ ഉണ്ടാക്കുന്ന അപകട ഭീതിയും മലിനീകരണവും ഒഴിവാകും

''പലതവണ വനംവകുപ്പുമായി ചർച്ച നടത്തി. ടൈഗർ റിസർവ് ഏരിയയുടെ പേരിൽ അവർ തടസം നിൽക്കുന്നു. ഹൈക്കോടതി നിയോഗിച്ച ഹൈപ്പവർ കമ്മിറ്റി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

- എ.പ ത്മകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്.

''പദ്ധതിയുടെ വിശദരൂപം കാണിച്ച് അപേക്ഷ നൽകിയാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അയയ്ക്കും. കേന്ദ്രമാണ് മണ്ണ് പരിശോധിക്കാനും മരം മുറിക്കാനും അനുമതി നൽകേണ്ടത്.

- കെ. രാജു, വനം മന്ത്രി