പത്തനംതിട്ട: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കുറവ് കുട്ടികൾ പത്തനംതിട്ട ജില്ലയിൽ. ആയിരം കുട്ടികളിൽ കൂടുതൽ ഒരു സ്കൂളിലുമില്ല. ആയിരത്തിനു മേൽ കുട്ടികൾ ഉളള സ്കൂളുകൾക്ക് സർക്കാർ കിഫ്ബി മുഖേന മൂന്നു കോടി അനുവദിക്കുന്നുണ്ട്. ഇതിന് അർഹമായ ഒരു സ്കൂൾ പോലും ജില്ലയിൽ ഇല്ല.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് മൂന്നു കോടി രൂപയുടെ ധനസഹായം. പശ്ചാത്തല സൗകര്യ വികസനത്തിനാണ് നീക്കിവച്ചിരുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി ആയിരത്തിൽ കൂടുതൽ കുട്ടികളുളള 166 സ്‌കൂളുകളെ തിരഞ്ഞെടുത്ത് പണം അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. നിർവഹണ ഏജൻസിയായ കൈറ്റ് മുഖേനയാണ് നടപടികൾ പൂർത്തീകരിച്ചത്.

പത്തനംതിട്ട കൂടാതെ എറണാകുളത്തു മാത്രമാണ് ഫണ്ട് ലഭിക്കാനുള്ളത്.

മൂന്ന് കോടി സഹായം ലഭിക്കുന്ന

സ്കൂളുകളുടെ എണ്ണവും ജില്ലയും

തിരുവനന്തപുരം 16

കൊല്ലം 11
ആലപ്പുഴ മൂന്ന്

കോട്ടയം ഒന്ന്

ഇടുക്കി ഒന്ന്

തൃശൂർ മൂന്ന്

പാലക്കാട് 24

മലപ്പുറം 46

കോഴിക്കോട് 18

വയനാട് നാല്

കണ്ണൂർ 23

കാസർഗോഡ് 14

ധനസഹായം 16 സ്‌കൂളുകൾക്ക്

ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ധനസഹായത്തിൽ ജില്ലയിൽ ഇതുവരെ അർഹമായത് 16 സ്‌കൂളുകൾ. സർക്കാർ മേഖലയിലെ ഈ സ്‌കൂളുകളിലെ പശ്ചാത്തല സൗകര്യവികസനം പൂർത്തിയായി വരുന്നു.
എം.എൽ.എമാർ ഓരോ നിയോജകമണ്ഡലത്തിലും ശിപാർശ ചെയ്ത സ്‌കൂളുകൾക്ക് അഞ്ച് കോടി രൂപ വീതമാണ് അനുവദിച്ചത്. കോഴഞ്ചേരി, വെച്ചൂച്ചിറ കോളനി, കടപ്ര കണ്ണശ സ്മാരകം, അടൂർ ബോയ്‌സ്, കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളാണ് അഞ്ച് കോടി രൂപ വീതം വിനിയോഗിക്കുന്നത്. പ്രളയം കാരണം കോഴഞ്ചേരി, കടപ്ര സ്‌കൂളുകളുടെ നിർമാണം തടസപ്പെട്ടിരുന്നു. ഈ സ്‌കൂളുകളിൽ മണ്ണു പരിശോധന അടക്കം രണ്ടാമത് നിർമാണം പുനരാരംഭിക്കുകയായിരുന്നു. നാരങ്ങാനം, പാലയ്ക്കാത്തകിടി സ്‌കൂളുകളിൽ നിർമാണം ടെൻഡർ ചെയ്യാനുണ്ട്.

45 സ്‌കൂളുകളിൽ 10ൽ താഴെ കുട്ടികൾ

ജില്ലയിലെ 45 വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം പത്തോ അതിൽ താഴെയോ ആണ്. ഗവ. മേഖലയിലെ 12 സ്‌കൂളുകളും 33 എയ്ഡഡ് സ്‌കൂളുകളിലുമാണ് പത്തിൽ താഴെ കുട്ടികളുള്ളത്. ഇവയിലധികവും പ്രൈമറി വിദ്യാലയങ്ങളാണ്.