പത്തനംതിട്ട : ചുവന്ന് തുടുത്ത് നിൽക്കുകയാണ്, ആരു കണ്ടാലും ഒന്നുനോക്കും. എന്നാൽ പഴുത്ത് നിലത്ത് വീണാൽ പോലും ഇപ്പോൾ റംമ്പൂട്ടാൻ കഴിക്കാൻ ആൾക്കാർക്ക് ഭയമാണ്. കാരണം നിപാ വൈറസും വവ്വാലുകളും. മരത്തിന് വിലപറഞ്ഞ് വില്പനക്കാർ വലയിട്ടിട്ടുണ്ടെങ്കിലും നിപ്പ ഭീതി കാരണം ഇവരും പെട്ടിരിക്കുകയാണ്.
റംമ്പൂട്ടാൻ എന്ന ഇന്തോനേഷ്യൽ പഴം കേരളത്തിലെത്തിയിട്ട് അധികകാലം ആയിട്ടില്ലെങ്കിലും വളരെ വേഗം മലയാളിയുടെ മനസിൽ ഇടംതേടി. മലയോരങ്ങളിൽ മിക്ക വീടുകളിലും റംമ്പൂട്ടാൻ കൃഷി തുടങ്ങി. വിപണിയിൽ 6000 രൂപ മുതൽ 12000 രൂപ വരെയാണ് ഒരു മരത്തിന് വില്പനക്കാർ ഈടാക്കുന്നത്. വലയിട്ട് കഴിഞ്ഞാൽ പിന്നെ പാകമായി ഫലമെടുക്കുന്നത് വരെ മരത്തിലെ പഴങ്ങൾ വില്പ്പനക്കാരുടേതാണ്. വിപണിയിൽ 250 മുതൽ നാനൂറ് രൂപ വരെയായിരുന്നു റംമ്പൂട്ടാന്റെ വില. എന്നാൽ ഇപ്പോൾ ആവശ്യക്കാരില്ലാതെയായതോടെ നൂറ് രൂപയായി ചുരുങ്ങി.
വവ്വാൽ ഭയം കഷ്ടകാലമായി
റംമ്പൂട്ടാന് മാത്രമല്ല വവ്വാൽ പേടി കഷ്ടകാലമായത്. വവ്വാലുകൾ കഴിക്കാൻ സാദ്ധ്യതയുള്ള എല്ലാ ഫലങ്ങളും മണ്ണിൽ വീണ് പോകുകയാണ്. മാങ്കോസ്റ്റീൻ, മാമ്പഴം എന്നിവയ്ക്കെല്ലാം വില കുറഞ്ഞിട്ടുണ്ട്.
മുന്നറിയിപ്പ്
ശ്രദ്ധിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഈ പഴങ്ങൾ കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല. നിരവധി ഔഷധ ഗുണമുണ്ടെന്ന പ്രചാരണത്തിലൂടെയാണ് റംമ്പൂട്ടാൻ വിപണി കീഴടക്കിയത്.
ആവശ്യക്കാരില്ല, വിലയിടിഞ്ഞു
റമ്പൂട്ടാൻ 1 കി.ഗ്രാം
മുൻപത്തെ വില: 250 - 400 ₹
ഇപ്പോഴത്തെ വില - 100 - 150 ₹