പത്തനംതിട്ട: കുരിശുകൾ സ്ഥാപിച്ചതിനെ തുടർന്ന് വിവാദത്തിലായ പീരുമേട് പാഞ്ചാലിമേട്ടിൽ ക്ഷേത്രത്തിന്റെ ഭൂമി ദേവസ്വം ബോർഡിന്റേതല്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. ഇതിനെതിരെ ദേവസ്വം ബോർഡ് രംഗത്തെത്തി. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ പാഞ്ചാലിമേട്ടിൽ 811-ാം നമ്പർ സർവേ നമ്പരിൽ 269 ഏക്കർ ഭൂമി തങ്ങൾക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. 2011ൽ സർക്കാർ വിജ്ഞാപനത്തിലൂടെ 22 ഏക്കർ ദേവസ്വം ബോർഡിന് കൈമാറിയിരുന്നു. ഇക്കാര്യങ്ങളുള്ള റിപ്പോർട്ടിന്റെ വിശദരൂപം ഇന്നും നാളെയുമായി ചേരുന്ന ബോർഡ് യോഗം ചർച്ച ചെയ്യും.
അതേസമയം പാഞ്ചാലിമേട്ടിലെ തർക്ക ഭൂമിയെല്ലാം റവന്യൂ വകുപ്പിന്റേതാണെന്ന് ഇടുക്കി ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിക്കും. 1977 ഫെബ്രുവരി 22ന് വടകര സ്വദേശിയിൽ നിന്ന് ജപ്തിയുടെ ഭാഗമായി സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയാണ് തർക്കസ്ഥലമെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഹിന്ദു എെതിഹ്യങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന പാഞ്ചാലിക്കുളം എന്നൊരു കുളം സ്ഥലത്തുണ്ടെന്നും ചുറ്റിലും ചെടികൾ വച്ച് പിടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
മരക്കുരിശുകൾ കണ്ടെത്തിയതിനെ തുടർന്ന് പാഞ്ചാലിമേട്ടിലുണ്ടായ വസ്തുത്തർക്കത്തിൽ വ്യക്തത വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് നൽകുന്നത്. സ്ഥലം സന്ദർശിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും അംഗം വിജയകുമാറും ഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വ്യക്തമാക്കിയിരുന്നു.
ദേവസ്വം ബോർഡ് വാദം
വഞ്ഞിപ്പുഴ മഠത്തിന്റെ ക്ഷേത്രവും ഭൂമിയും ദേവസ്വം ബോർഡിനാണ് നൽകിയിട്ടുള്ളത്. പാഞ്ചാലിമേട്ടിലെ ഭൂമി ഇതിൽപ്പെടുന്നതാണ്.
പാഞ്ചാലിമേട് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ വള്ളിയങ്കാവ്, ആറന്മുള, തപ്പുലിയൂർ, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം, തൃച്ചിറ്റാറ്റ് ക്ഷേത്രങ്ങൾ തമ്മിൽ ബന്ധമുണ്ട്.
ശബരിമല മകരവിളക്ക് കാണാൻ പാഞ്ചാലിമേട്ടിലെത്തുന്ന തീർത്ഥാടകർ നിരവധിയാണ്.
റവന്യൂ വകുപ്പിന്റെ വാദം
സ്ഥലം 1977ൽ മിച്ചഭൂമിയായി ഏറ്റെടുത്തത്.
ദേവസ്വം ബോർഡിന് ഇവിടെ ഭൂമിയുള്ളതായി രേഖയില്ല.
'എന്തു കണ്ടിട്ടാണ് പാഞ്ചാലിമേട്ടിൽ ദേവസ്വം ബോർഡിന് ഭൂമിയില്ലെന്ന് റവന്യൂ വകുപ്പ് പറയുന്നത്. റവന്യൂ വകുപ്പുണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് മറക്കരുത്. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചു പിടിക്കാൻ ഏതറ്റം വരെയും പോകും".
- എ. പത്മകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്