പ​ത്ത​നം​തിട്ട : കെ.എം. മാണി ചോരയും നീരും നൽകി വളർത്തിയ കേരള കോൺഗ്രസിന്റെ പാരമ്പര്യത്തെ അംഗീകരിക്കാൻ ജോസ് കെ. മാണി തയ്യാറാകുന്നില്ലെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ എത്തിയ പി.ജെ. ജോസഫ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കേരള കോൺഗ്രസിന്റെ ഭരണഘടന അനുസരിച്ച് ചെയർമാന്റെ അസാന്നിദ്ധ്യത്തിൽ വർക്കിംഗ് ചെയർമാനാണ് പകരം ചുമതല. കേരള കോൺഗ്രസിന്റ 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ഇല്ലാത്ത അധികാരമുപയോഗിച്ച് ആൾമാറാട്ടം നടത്തി വിളിച്ചു ചേർത്ത ഒരു ആൾക്കൂട്ടം മാത്രമാണ് കോട്ടയത്ത് നടന്ന പൊതുയോഗം. അധികാരമില്ലാത്ത ഒരാൾ വിളിച്ചു ചേർത്ത യോ​ഗം കോടതി വെന്റിലേറ്ററിൽ വച്ചിരിക്കുന്നതു പോലെ മരവിപ്പിച്ച് നിറുത്തിയിരിക്കുകയാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം കൈക്കൊള്ളുകയും പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ അനുവാദം വാങ്ങുകയും ചെയ്യുന്നതാണ് കെ.എം. മാണിയുടെ കാലം മുതൽക്കേ പാർട്ടി പിന്തുടരുന്ന കീഴ്വഴക്കം. 1984 ൽ താൻ പാർട്ടി ചെയർമാനും കെ.എം. മാണി പാർലമെന്ററി പാർട്ടി നേതാവുമായി ഇരുന്നിട്ടുള്ളത് ജോസ് കെ. മാണിക്ക് ഓർമ്മയില്ലെന്ന് അഭിപ്രായപ്പെട്ട പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടിയിലെ 5 അംഗങ്ങളിൽ 3 പേരും തനിക്കൊപ്പമാണെന്നും അവകാശപ്പെട്ടു.
പ്രതിനിധി സമ്മേളനത്തിൽ പ്രൊഫ. ഡി.കെ.ജോൺ, വിക്ടർ ടി. തോമസ്, കുഞ്ഞുകോശി പോൾ, എബ്രഹാം കലമണ്ണിൽ, ദീപു ഉമ്മൻ, അഡ്വ. എൻ. ബാബു വർഗീസ്, അഡ്വ.വ ർഗീസ് മാമ്മൻ, റോയി ചാണ്ട പിള്ള, സാം എബ്രഹാം, കെ.ആർ. രവി, ജോൺ കെ. മാത്യു, വി.ആർ. രാജേഷ്, അനി ജോസഫ്, രാജു തിരുവല്ല, ബിന്ദു ദേവരാജൻ, തോമസ് കുട്ടി കുമ്മണ്ണൂർ എന്നിവർ പങ്കെടു​ത്തു.