sndp

അടൂർ യൂണിയൻ മെരിറ്റ് അവാർഡ്മേള

അടൂർ: മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെടാത്ത ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ബാധ്യത അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയുമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി. സോമരാജൻ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ മെരിറ്റ് അവാർഡ്മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ഗുണം ചെയ്യുന്നവരാകണം ഓരോ ശ്രേണികളിലും എത്തേണ്ടത്. അല്ലാതെ ഉള്ളവർ പാഴ് മരങ്ങൾക്ക് തുല്യമാണ്. ഓരോ ജന്മങ്ങളും പ്രതിസന്ധികളെ മറികടക്കാനുള്ള ആർജ്ജവം നേടിയെടുക്കണം. അത്തരത്തിൽ ജന്മം കൊണ്ട് സമൂഹത്തിന് സാഫല്യമേകിയതുകൊണ്ടാണ് ശ്രീനാരായണൻ ലോക ഗുരുവായത്. ഏറ്റവും താഴേക്കിടയിലുള്ളവരെ സമൂഹ മദ്ധ്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതു വഴിയാണ് ഇത്രയും വളർച്ച പ്രാപിച്ചത്. അതുകൊണ്ടാണ് ഗുരുവും ദൈവവുമുമൊക്കെയായി ശ്രീ നാരായണ ഗുരു മാറിയത്. പ്രവൃത്തി കൊണ്ടാണ് ഓരോരുത്തരെയും സമൂഹം തിരിച്ചറിയുന്നത്. അതു കൊണ്ട് വിദ്യ അഭ്യസിക്കുക മാത്രമല്ല അതിൽ നിന്ന് കിട്ടുന്ന അറിവ് സമൂഹത്തിന്റെ വളർച്ചയ്ക്ക് ഉപകരിക്കത്തക്കതാകണമെന്ന ചിന്ത ഓരോ വിദ്യാർത്ഥിയിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എസ്. എസ്. എൽ.സി , പ്ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖകളിലെ കുട്ടികൾക്കുള്ള മെരിറ്റ് അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ .എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്റെ വിവിധ സ്കോളർഷിപ്പുകൾ യോഗം കൗൺസിലർ എബിൻ ആമ്പാടിയും പoനോപകരണങ്ങൾ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടവും വിതരണം ചെയ്തു.വനിതാ സംഘം യൂണിയൻ കൺവീനർ സുജ മുരളി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, സെക്രട്ടറി സുജിത്ത് മണ്ണടി എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സ്വാഗതവും വനിതാ സംഘം യൂണിയൻ ട്രഷറാർ സുനി സതീഷ് നന്ദിയും പറഞ്ഞു. യൂണിയനിലെ വിവിധ ശാഖകളിൽ നിന്നുള്ള 400 ഓളം കുട്ടികൾ മെരിറ്റ് അവാർഡും 660 വിദ്യാർത്ഥികൾ പഠനോപകരണങ്ങളും ഏറ്റുവാങ്ങി.