പത്തനംതിട്ട: ജില്ലയിൽ കേരളാകോൺഗ്രസ് രണ്ട് തട്ടിലായതോടെ മാണി ഗ്രൂപ്പിലെ പ്രമുഖ നേതാവായ വിക്ടർ ടി.തോമസ് ജോസഫിനൊപ്പം ചേർന്നു. ഔദ്യോഗിക കേരള കോൺഗ്രസിന്റ ജില്ല പ്രസിഡന്റായി വിക്ടർ ടി.തോമസ് തുടരും. ഇന്നലെ മൈലപ്രയിൽ നടന്ന യോഗം കേരള കോൺഗ്രസ് ആക്ടിംഗ്‌ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. വിക്ടർ ടി.തോമസിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. മാണി ഗ്രൂപ്പിലെ ജില്ലയിലെ പ്രമുഖനേതാക്കളും യോഗത്തിൽ പങ്കെടുത്തു. 172 അംഗ ജില്ലാ കമ്മിറ്റിയിൽ 124 പേർ പങ്കെടുത്തതാണ് നേതാക്കൾ അവകാശപ്പെട്ടത്. കേരള കോൺഗ്രസിന്റെ നിലവിലെ പ്രസിഡന്റായ വിക്ടർ .ടി.തോമസ് തന്നെ ആസ്ഥാനത്ത് തുടരുമെന്നാണ് നേതാക്കൾ അറിയിച്ചത്. ഏതാനും മാസം മുമ്പ് കെ.എം.മാണി, ജോസ്.കെ.മാണി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ തിരുവല്ല സ്വദേശിയായ എൻ.എം.രാജുവിനെ ജില്ല പ്രസിഡന്റായി തീരുമാനിച്ചിരുന്നു.എന്നാൽ വിക്ടർ ടി.തോമസ്, ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ ബഹളത്തെ തുടർന്ന് പ്രഖ്യാപനം മാറ്റിവയ്ക്കുകയയിരുന്നു. അതോടെ വിക്ടർ ജില്ല പ്രസിഡന്റായി തുടർന്നു. തർക്കം കാരണം പിന്നീട് ജില്ലാകമ്മിറ്റി കൂടി തീരുമാനം ഉണ്ടായിട്ടില്ല. എന്നാൽ എൻ.എം.രാജുവിനെ മാണി വിഭാഗം ജില്ല പ്രസിഡന്റായി അംഗികരിച്ച് മുന്നോട്ട് പോകുകയായിരുന്നു. വിക്ടർ ടി.തോമസ് ഇതോടെ നീരസത്തിലുമായി. ഇതിനിടെയാണ് ഇപ്പോൾ പിളർപ്പ് ഉണ്ടാകുന്നത്. വിക്ടർ. വർഷങ്ങളായി കേരള കോൺഗ്രസ് (എം) ന്റെ ജില്ല പ്രസിഡന്റുമായിരുന്നു.എന്നാൽ കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ തിരുവല്ല നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച വിക്ടറിനെ, ജോസഫ്.എം.പുതുശ്ശേരിയും സംഘവും കാല് വാരി തോൽപ്പിച്ചതായാണ് വിക്ടറിന്റെ ആരോപണം. ഇതോടെ ഇരു നേതാക്കളും തമ്മിൽ തെറ്റി. പാർട്ടിക്കുള്ളിലും പുറത്തും ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായി.