panchalimedu

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ വനഭൂമിയുടെ ഭാഗമായ പാഞ്ചാലിമേട്ടിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് അയ്യപ്പസേവാസമാജം ദേശീയ വൈസ്‌ചെയർമാൻ സ്വാമി അയ്യപ്പദാസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമനടപടിയുമായി മുന്നോട്ടു പാേകും.

സ്വാമി സത്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ പാഞ്ചാലിമേട്ടിലേക്ക് ഭുവനേശ്വരി ക്ഷേത്രം മാറ്റി സ്ഥാപിച്ചിരുന്നു. ഈ രണ്ടു മേടുകളും ഉൾപ്പെടെ 269 ഏക്കർ സ്ഥലം വഞ്ചിപ്പുഴ മഠം വകയായിരുന്നു. ഇത് ബ്രഹ്മസ്വം എന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് നടന്ന റീസർവേയിൽ 810, 811, 812, 814 നമ്പറുകൾ വഞ്ചിപ്പുഴ മഠത്തിന് പതിച്ചു കൊടുത്തിരുന്നതായി രജിസ്റ്ററിലുണ്ട്. 22 ഏക്കർ സ്ഥലം ക്ഷേത്രത്തിന്റേതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവ റവന്യൂ പുറമ്പോക്കായിട്ടാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇവിടെയാണ് കൈയേറ്റങ്ങളും കുരിശു സ്ഥാപിക്കലും നടന്നത്. പാഞ്ചാലിമേട്ടിൽ ദേവസ്വത്തിന് ഭൂമിയില്ലെന്ന ജില്ലാ കളക്ടറുടെ വാദം തെറ്റാണ്. 1977ലെ സർക്കാർ രേഖ വച്ചാണ് കളക്ടർ റിപ്പോർട്ട് എഴുതിയത്. അതിനു മുൻപുളള സർവേ ഒഫ് ട്രാവൻകൂർ ആൻഡ് തിരുകൊച്ചി ആക്ട് പ്രകാരമുളള രേഖകൾ പരിശോധിക്കണം.

പാണ്ഡവമേടിനും പാഞ്ചാലിമേടിനും ഇടയ്ക്കുണ്ടായിരുന്ന മൂന്നര ഏക്കർ ഭൂമി പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ രക്ഷാധികാരി ബിഷപ്പ് മാത്യു അറയ്ക്കലിന് പതിച്ചു കൊടുത്തിട്ടുണ്ട്. 1991വരെ സ്ഥലത്തിന് കരം അടച്ചിട്ടുണ്ട്. ബിഷപ്പിന് അനുവദിച്ചു കൊടുത്ത ഭൂമി തിരിച്ച് ക്ഷേത്രത്തെ ഏൽപ്പിക്കണം. ക്ഷേത്ര ദർശനത്തിന് പോകുന്നവരിൽ നിന്ന് 10 രൂപ വാങ്ങി പാസ് കൊടുക്കുന്നത് ടൂറിസം ഡെവലപ്പ്‌മെന്റ് നിറുത്തലാക്കണം.
വാർത്താസമ്മേളനത്തിൽ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി എന്നിവർ പങ്കെടുത്തു.